എയ്ഡഡ് നിയമനം പിഎസ്‌സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സവര്‍ണ ക്രിസ്ത്യന്‍ പ്രീണനമെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2022-05-27 13:11 GMT

കോഴിക്കോട്: എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്ന സിപിഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയെ തിരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തു വന്നിരിക്കുന്നത് സിപിഎമ്മിന്റെ സവര്‍ണ-ക്രിസ്ത്യന്‍ പ്രീണന നയത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ നിയമനങ്ങളും പിഎസ്‌സിക്ക് വിടണമെന്നുള്ളത് സംവരണ സമുദായങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ പിഎസ്‌സി വഴി നിയമനങ്ങള്‍ നടക്കുമ്പോള്‍ മാത്രമേ സംവരണതത്ത്വം പാലിക്കുവാനും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കുവാനും അതുവഴി സാമൂഹിക നീതിയുടെ താല്‍പര്യം സംരക്ഷിക്കുവാനും സാധ്യമാവൂ.

എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തുടരുന്ന മുന്നോക്ക പ്രീണനത്തിന്റെ ഫലമായി തികച്ചും ന്യായമായ ഈ ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. പൊതുവില്‍ സംവരണത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് എന്നും സിപിഎമ്മിന്റേത്. എയ്ഡഡ് സ്ഥാപനങ്ങള്‍ വഴിയായുള്ള വിദ്യാഭ്യാസ കച്ചവടം ഒരു കറവപ്പശുവായി നിലനിര്‍ത്തുകയാണ് മുന്നാക്ക സമുദായങ്ങള്‍ ചെയ്യുന്നത്.

ഈ സ്ഥാപനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നിയമനം കിട്ടാക്കനിയാണ്. പിഎസ്‌സിക്ക് വിടുന്നതിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്നത് കൊണ്ടാണ് സംവരണ സമുദായങ്ങള്‍ ദീര്‍ഘകാലമായി ഇത്തരമൊരാവശ്യം ഉന്നയിച്ചു പോരുന്നത്.

മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചെതിര്‍ത്തിട്ടും വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാന്‍ അമിത ശുഷ്‌കാന്തി കാട്ടിയ ഇടതു മുന്നണി സര്‍ക്കാര്‍ എയ്ഡഡ് നിയമനങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് സാമൂഹിക നീതിയെ തുരങ്കം വയ്ക്കുന്നതാണ്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള നടപടികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന 80:20 സ്‌കോളര്‍ഷിപ്പ് കോടതി വിധിയുടെ മറപിടിച്ച് വളരെ ധൃതിപെട്ടാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. അപ്പോഴും മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിക്കാനോ സമാശ്വാസ നടപടികള്‍ കൈക്കൊള്ളാനോ സര്‍ക്കാര്‍ തയ്യാറായില്ല.

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പടച്ചുവിട്ട് സാമൂഹിക അന്തരീക്ഷം വിഷലിപ്തമാക്കുന്ന ചില തല്‍പര കേന്ദ്രങ്ങളുടെ ജുഗുപ്‌സാവഹമായ നീക്കങ്ങള്‍ക്ക് അരുനില്‍ക്കുകയായിരുന്നു മതേതരത്വ നാട്യവും മുസ്‌ലിം വിരുദ്ധതയും മുഖമുദ്രയാക്കിയ ഇടതു സര്‍ക്കാര്‍. എ കെ ബാലന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയ കാര്യം തികച്ചും ന്യായമാണെന്നിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തിടുക്കപ്പെട്ട് തിരുത്തിയത് സിപിഎം തുടരുന്ന സവര്‍ണ പ്രീണന നയത്തിന്റെ വ്യക്തമായ തെളിവാണെന്നും നിസാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: