മംഗലാപുരത്തെ പോലിസ് നരനായാട്ട്: മാര്‍ച്ചിനും പോലിസ് വിലക്ക്; ആയിരങ്ങളെ അണിനിരത്തി പോപുലര്‍ ഫ്രണ്ട്

Update: 2021-12-17 10:27 GMT

മംഗലാപുരം: മംഗലാപുരം ഉപ്പിനങ്ങാടിയിലെ പോലിസ് നരനായാട്ടിനെതിരേ എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി പോപുലര്‍ ഫ്രണ്ട്. പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ മംഗലാപുരം നഗരത്തില്‍ പോലിസ് ശക്തമായ പോലിസ് സന്നാഹത്തെ വിന്യസിച്ചു.

ജുമുഅക്ക് ശേഷം മാര്‍ച്ച് നടത്തുമെന്നാണ് പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ പോലിസ് മാര്‍ച്ചിനുള്ള അനുമതി നിഷേധിച്ചു. എന്നാല്‍, പ്രഖ്യാപനത്തില്‍ ഉറച്ച് നിന്ന പോപുലര്‍ ഫ്രണ്ട് ആയിരങ്ങളെ അണിനരത്തി മാര്‍ച്ച് നടത്തുകയായിരുന്നു. പോലിസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച നടപടി ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരായ നീക്കമാണെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

Full View

മൂന്ന് മണിയോടെ തുടങ്ങിയ മാര്‍ച്ച് കുറച്ച് ദൂരം മുന്നിട്ടതോടെ പോലിസ് തടഞ്ഞു. മാര്‍ച്ചും പ്രതിഷേധ യോഗവും മുന്നോട്ട് കൊണ്ട് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ബിജെപിയുടെ സമ്മര്‍ദത്തിന് വഴങ്ങി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും നാട്ടുകാരേയും ക്രൂരമായി മര്‍ദിച്ച പോലിസ് നടപടി അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി നാസിര്‍ പാഷ പറഞ്ഞു.

അന്യായമായി കസ്റ്റഡിയിലെടുത്ത പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരേയാണ് പോലിസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. കഴിഞ്ഞ ദിവസം സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റിരുന്നു. ഇതിനിടെ മറ്റൊരു ആവശ്യാര്‍ത്ഥം പോലിസ് സ്‌റ്റേഷനിലെത്തിയ ജില്ലാ പ്രസിഡന്റ് ഹമീദിനെ അന്യായമായി തടഞ്ഞുവയ്ക്കുകയും ഈ സംഭവത്തില്‍ പ്രതി ചേര്‍ക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതോടെ സംഭവമറിഞ്ഞ് നൂറു കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തുകയും സ്‌റ്റേഷന്‍ ഉപരോധിക്കുകയുമായിരുന്നു. ഇതിനിടെ സ്‌റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തകര്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് പോലിസ് തടഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമാവാകയായിരുന്നു. സമാധാനപരമായി പ്രാര്‍ത്ഥന നടത്തുന്നവരെ മര്‍ദിച്ച പോലിസ് നടപടിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെ പോലിസ് ലാത്തിവീശുകയായിരുന്നു. കണ്ണില്‍ കണ്ടവരെയൊക്കെ പോലിസ് നിര്‍ദാക്ഷിണ്യം മര്‍ദ്ദിക്കുകയായിരുന്നു. പോലിസിന്റെ മര്‍ദ്ദനമേറ്റ് നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ പ്രതിഷേധമുണ്ടായതോടെ കസ്റ്റഡിയിലെടുത്ത ജില്ലാ നേതാവിനെ പോലിസ് വിട്ടയച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പോലിസ് നരനാട്ടിനെതിരേയാണ് പോപുലര്‍ ഫ്രണ്ട് എസ്പി ഓഫിസ് മാര്‍ച്ച് പ്രഖ്യാപിച്ചത്.