യുപി പോലിസ് ആരോപണം അസംബന്ധം; അടിച്ചമര്‍ത്തല്‍ നീക്കങ്ങളെ അപലപിച്ച് പോപുലര്‍ഫ്രണ്ട്

പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം യുപിയിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ യോഗി പോലിസിന്റെ മറ്റൊരു സ്വേച്ഛാധിപത്യ നടപടിയാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ട് വന്ന് അതിനെതിരേ ശബ്ദമുയര്‍ത്തണമെന്നും നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ ഈ പ്രതികാര രാഷ്ട്രീയത്തിനെതിരേ പോരാടുമെന്നും ജിന്ന വ്യക്തമാക്കി.

Update: 2019-12-31 11:40 GMT

ന്യൂഡല്‍ഹി: സംഘടനയെ സംബന്ധിച്ചുള്ള യുപി പോലിസ് ആരോപണം അസംബന്ധമാണെന്നും മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നും പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പ്രസ്താവനയില്‍ പറഞ്ഞു. വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സ്വാതന്ത്ര്യാനന്തരം നടന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

എല്ലാ വ്യത്യാസങ്ങളും മറന്ന് ആളുകള്‍ കൈകോര്‍ക്കുകയും രാജ്യത്തെ നഗര-ഗ്രാമ ഭേദമന്യേ നിയമനിര്‍മ്മാണത്തിനെതിരെ തെരുവിലിറങ്ങുകയും ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രതിഷേധത്തെ അക്രമാസക്തമെന്ന് വിളിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്.

മിക്ക സംസ്ഥാനങ്ങളിലും വിയോജിപ്പിനുള്ള ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ പോലിസ് ബഹുമാനിച്ചു. യാഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മാത്രമാണ്് പോലിസ് പ്രതിഷേധത്തെ രക്തച്ചൊരിച്ചിലിലേക്കും നാശത്തിലേക്കും വഴിതിരിച്ചുവിട്ടത്.

ഏറ്റവും പുതിയ റിപോര്‍ട്ട് അനുസരിച്ച് പോപുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് യുപി ഭരണകൂടം കേന്ദ്രത്തെ സമീപിച്ചതായി യുപി പോലിസ് മേധാവി വെളിപ്പെടുത്തിയിട്ടുണ്ട്. മുഖം രക്ഷിക്കാനുള്ള നടപടിയല്ലാതെ ഇതു മറ്റൊന്നുമല്ലെന്നും ഈ നീക്കത്തെ അപലപിക്കുന്നതായും എം മുഹമ്മദലി ജിന്ന വ്യക്തമാക്കി.

പോലിസ് നടത്തിയ മൃഗീയമായ കൊലകളും നിരപരാധികള്‍ക്കെതിരായ അതിക്രമങ്ങളും സ്വത്തുവകകള്‍ നശിപ്പിച്ചതും ലോകം മുഴുവന്‍ വെളിപ്പെട്ടതാണ്. എന്താണ് സംഭവിച്ചതെന്ന് രാജ്യത്തെ ഓരോ കുട്ടിക്ക് പോലും അറിയാം. അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തിന്റെ ജനാധിപത്യ ബോധം മറുപടി നല്‍കും.പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം യുപിയിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ യോഗി പോലിസിന്റെ മറ്റൊരു സ്വേച്ഛാധിപത്യ നടപടിയാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ട് വന്ന് അതിനെതിരേ ശബ്ദമുയര്‍ത്തണമെന്നും നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ ഈ പ്രതികാര രാഷ്ട്രീയത്തിനെതിരേ പോരാടുമെന്നും ജിന്ന വ്യക്തമാക്കി.


Tags:    

Similar News