ആര്‍എസ്എസ് ചട്ടുകമായി ഇഡി മാറരുത്: ഇഡിയുടെ രാഷ്ട്രീയ പ്രേരിത റെയ്ഡുകളില്‍ രാജ്യവ്യാപക പ്രതിഷേധം

ഡല്‍ഹി, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍, മണിപ്പൂര്‍, കേരളം, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് സ്ഥലങ്ങളില്‍ ജനകീയ പ്രതിഷേധങ്ങള്‍ നടന്നു.

Update: 2020-12-13 04:34 GMT

ന്യൂദല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഇഡി നടത്തിയ രാഷ്ട്രീയ പ്രേരിത റെയ്ഡുകളില്‍ പ്രതിഷേധിച്ചുകൊണ്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. കേരളത്തില്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മേഖലാ ഓഫിസിലേക്ക് നടത്തിയ റാലി പോലിസ് തടഞ്ഞു. രാജസ്ഥാനിലെ ഭില്‍വാരയില്‍ റാലി തടഞ്ഞ പോലിസ്, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

രാഷ്ട്രീയ എതിരാളികള്‍ക്കും എതിരഭിപ്രായമുള്ളവക്കും ജനാധിപത്യപരമായും നിയമപരമായും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കുമെതിരെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധങ്ങളില്‍ ഉയര്‍ന്നത്.

ഡല്‍ഹി, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍, മണിപ്പൂര്‍, കേരളം, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് സ്ഥലങ്ങളില്‍ ജനകീയ പ്രതിഷേധങ്ങള്‍ നടന്നു.

ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ, പ്രതിഷേധ റാലികളെ അഭിസംബോധന ചെയ്ത നേതാക്കളും പ്രഭാഷകരും അപലപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുന്ന സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ദ്രോഹിക്കാന്‍ ഇത്തരം അന്വേഷണ ഏജന്‍സികളെ ചട്ടുകമാക്കുകയാണ്. എല്ലാവിധ അന്വേഷണങ്ങളോടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സഹകരിക്കുന്നുണ്ട്. റെയ്ഡിന്റെ പേരിലുള്ള ഗുണ്ടായിസം പൂര്‍ണമായും ആസൂത്രണം ചെയ്തിരിക്കുന്നത് ബിജെപി സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ്. സിഎഎ, എന്‍ആര്‍സി തുടങ്ങിയ മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ, ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനാലാണ് പോപുലര്‍ ഫ്രണ്ടിനെ ഇത്തരത്തില്‍ ടാര്‍ഗറ്റ് ചെയ്യുന്നത്. ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍കൊണ്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഭയപ്പെടുത്താനോ തടയാനോ സാധ്യമല്ലെന്ന് പ്രാസംഗികര്‍ മുന്നറിയിപ്പ് നല്‍കി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലേക്കും നേതാക്കളുടെ വീടുകളിലേക്കും റെയ്ഡിന്റെ പേരില്‍ അതിക്രമിച്ചു കടന്നത്.