പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: ശിലാസ്ഥാപനം നിര്‍വഹിച്ചു

പദ്ധതിയുടെ ഭാഗമായി ഒന്നര ഏക്കര്‍ സ്ഥലത്ത് 21 വീടുകളും കമ്മ്യൂണിറ്റി സെന്ററുമാണ് നിര്‍മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 10 വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

Update: 2019-03-09 14:55 GMT

ഇടുക്കി: പ്രളയകാലത്ത് കേരളം കാണിച്ച ഉന്നതമായ മനുഷ്യത്വ മാതൃകകള്‍ തകരാതെ സൂക്ഷിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയില്‍ പോപുലര്‍ ഫ്രണ്ട് നിര്‍മിക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും തകര്‍ക്കാനുള്ള ചിലരുടെ ശ്രമത്തെ നാം കരുതിയിരിക്കണം. ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണത്തിനാണ് പോപുലര്‍ ഫ്രണ്ട് മുന്‍ഗണന നല്‍കുന്നത്. അതിന്റെ ഭാഗമാണ് പ്രളയത്തില്‍ സ്വന്തം ഭൂമിയും വീടും നഷ്ടപ്പെട്ട നിരാലംബരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാന്‍ സംഘടന രംഗത്തുവന്നതും പ്രളയത്തില്‍ ഏറ്റവും ദുരന്തം പേറേണ്ടി വന്ന ഇടുക്കി ജില്ലയെ തിരഞ്ഞെടുത്തതും അദ്ദേഹം പറഞ്ഞു.



ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാടന്‍, ജില്ലാ പഞ്ചായത്ത് അംഗം നോബിള്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലൈഖ ഇബ്രാഹിം, പ്രദീപ് ജോര്‍ജ്, ഡോളി തോമസ്, നൗഫല്‍ ബാഖവി, ഉമര്‍ ബാഖവി, ഇസ്ഹാഖ് അല്‍ ഖാസിമി, പി പൊന്നപ്പന്‍, സണ്ണി പൈമ്പള്ളില്‍, ജോസ് പുലിക്കോടന്‍, അജയന്‍ കീരിത്തോട്, സലാഹുദ്ദീന്‍ വി എ സംസാരിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ് സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഒന്നര ഏക്കര്‍ സ്ഥലത്ത് 21 വീടുകളും കമ്മ്യൂണിറ്റി സെന്ററുമാണ് നിര്‍മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 10 വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 

Tags:    

Similar News