പേരാമ്പ്രയിലെ ഹിന്ദുത്വ ആക്രമണം; ആർഎസ്എസിനെ ചെറുക്കാൻ വ്യാപാരികൾ സംഘടിക്കണം: പോപുലർ ഫ്രണ്ട്

ഹലാലിന്റെ പേരില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഇതിന് മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. ഹലാല്‍ ഭക്ഷണങ്ങള്‍ക്ക് നേരെ വെറുപ്പും വിദ്വേഷവും സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായി പ്രചരിപ്പിച്ചിട്ടുണ്ട്.

Update: 2022-05-08 16:25 GMT

കോഴിക്കോട്: പേരാമ്പ്രയില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയത് ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു.

ഹലാലിന്റെ പേരില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഇതിന് മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. ഹലാല്‍ ഭക്ഷണങ്ങള്‍ക്ക് നേരെ വെറുപ്പും വിദ്വേഷവും സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഹലാല്‍ വിരുദ്ധ കാംപയിന്റെ പേരിൽ കേരളത്തിലെ സ്ഥാപനങ്ങളുടെ മതംതിരിച്ച ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഹിന്ദുത്വ ഭീകരവാദികൾ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചിരുന്നു. ഈ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം കൊടുത്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്.

പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയത് വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായിട്ടാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. ഹലാലിന്റെ പേരില്‍ കലാപത്തിന് ആക്രമകാരികള്‍ സജ്ജരായിട്ടുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന്റെ ഉന്നതതല ആസൂത്രണത്തിന്റെ ഭാഗമാണ് കേരളത്തില്‍ നടക്കുന്ന ഹലാല്‍ വിരുദ്ധ ആക്രമണങ്ങള്‍. സംസ്ഥാനത്ത് കലാപം നടത്താന്‍ ആസൂത്രണം ചെയ്തതിന് ശേഷമാണ് കെ സുരേന്ദ്രന്‍ ഹലാലുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയിട്ടുള്ളത് എന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

കെ സുരേന്ദ്രന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പോലിസില്‍ പരാതി നല്‍കിയിട്ട് കാര്യക്ഷമമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വര്‍ഗീയ വാദികളെ യഥേഷ്ടം വിദ്വേഷം പ്രചരിപ്പിക്കാന്‍ കയറൂരി വിട്ടതിന്റെ അനന്തരഫലമാണ് പേരാമ്പ്രയില്‍ കണ്ടത്. വിദ്വേഷ പ്രചാരകര്‍ക്ക് സ്വൈര്യവിഹാരം നടത്തുന്നതിനും ജനങ്ങളെ ആയുധവുമായി ആക്രമിക്കുന്നതിനും സിപിഎമ്മിന്റെ ഭരണത്തിന്റെ കീഴില്‍ സംഘപരിവാറിന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇത് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുക.

ഏകപക്ഷീയമായി മുസ്‌ലിം സ്ഥാപനങ്ങള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ആക്രമിക്കുന്നത് നോക്കിനില്‍ക്കാന്‍ സാധിക്കുകയില്ല. ഇതിനെതിരെ ജനകീയമായ ചെറുത്ത് നില്‍പ്പ് ഉയര്‍ന്ന് വരേണ്ടതുണ്ട്. രാജ്യത്തിന്റെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ പൗരന്മാര്‍ക്ക് സുരക്ഷയും നീതിയും ഉറപ്പ് വരുത്തുന്നതില്‍ നോക്കുകുത്തിയാകുമ്പോള്‍ സ്വയരക്ഷക്ക് വേണ്ടി തെരുവിലിറങ്ങേണ്ട സാഹചര്യമാണ് നാട്ടിലെ സാധാരണ ജനങ്ങള്‍ക്കുള്ളത്.

ഭരണഘടന നല്‍കുന്ന ഈ അവകാശം വിനിയോഗിക്കാന്‍ വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവര്‍ സജ്ജരാകേണ്ടതുണ്ട്. ആക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആക്രമത്തിന് പ്രേരണ നല്‍കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത എല്ലാ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും സി എ റഊഫ് ആവശ്യപ്പെട്ടു.