എന്‍പിആര്‍ നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം: പോപുലര്‍ ഫ്രണ്ട്

മതത്തിന്റെ പേരില്‍ രാജ്യത്തെ പൗരന്‍മാരുടെ പൗരത്വ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം സമൂഹം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമത്തിനും എന്‍പിആര്‍, എന്‍ആര്‍സി നടപടികള്‍ക്കുമെതിരെ ജനങ്ങള്‍ ഒരു വര്‍ഷം മുമ്പ് തെരുവിലിറങ്ങിയത്.

Update: 2021-03-07 04:02 GMT

കോഴിക്കോട്: സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ നിലപാടെടുത്ത എല്ലാ സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും എന്‍പിആര്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സെന്‍സസിനൊപ്പം വിവാദമായ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ (എന്‍പിആര്‍) ഫീല്‍ഡ് ട്രയലുകള്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.


മതത്തിന്റെ പേരില്‍ രാജ്യത്തെ പൗരന്‍മാരുടെ പൗരത്വ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം സമൂഹം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമത്തിനും എന്‍പിആര്‍, എന്‍ആര്‍സി നടപടികള്‍ക്കുമെതിരെ ജനങ്ങള്‍ ഒരു വര്‍ഷം മുമ്പ് തെരുവിലിറങ്ങിയത്. മിക്ക ബിജെപി ഇതര പാര്‍ട്ടികളും ഇതിനെതിരെ നിലപാടെടുക്കുകയും നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നിയമത്തിനെതിരെ പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി മോദി പരസ്യമായി പ്രഖ്യാപിച്ചെങ്കിലും ധൃതിപിടിച്ച് എന്‍പിആര്‍ നടപ്പിലാക്കാനുള്ള നീക്കം ദുരൂഹമാണ്.

എന്‍പിആറിനെ എന്‍ആര്‍സിയുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ എന്‍ആര്‍സിയിലേക്കുള്ള പ്രധാന ചവിട്ടുപടിയാണ് എന്‍പിആര്‍ എന്നതാണ് സത്യം. എന്‍പിആര്‍ വഴി ശേഖരിക്കുന്ന വിവരങ്ങളാണ് എന്‍ആര്‍സി നടപ്പിലാക്കാനായി ഉപയോഗിക്കുന്നത്. ഒരുവര്‍ഷം മുമ്പ് സിഎഎഎന്‍ആര്‍സിഎന്‍പിആറിനെതിരെ പോരാടിയ എല്ലാവരും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഈ ജനവിരുദ്ധ നീക്കത്തെ എതിര്‍ക്കാന്‍ രംഗത്തുവരണമെന്ന് പോപുലര്‍ ഫ്രണ്ട് അഭ്യര്‍ത്ഥിക്കുന്നു. സിഎഎ ക്കെതിരെ നിലപാട് സ്വീകരിച്ച രാഷ്ട്രീയ കക്ഷികളോടും സംസ്ഥാന സര്‍ക്കാരുകളോടും എന്‍പിആര്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പ്രതിജ്ഞാബദ്ധതയോടെ ഒരുമിച്ച് നില്‍ക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് അഭ്യര്‍ത്ഥിക്കുന്നു.