വിവാഹിതര്‍ പുരോഹിതരാകണ്ട: പോപ്പ്

പുരോഹിതന്‍മാരുടെ എണ്ണക്കുറവ് മൂലം ശുശ്രൂഷകള്‍ നടക്കാത്ത സാഹചര്യം മേഖലയില്‍ നിലനില്‍ക്കുന്നതിനാലാണ് ബിഷപ്പുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കത്തോലിക്ക സഭയുടെ അടിസ്ഥാന നയത്തില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലാണ് പോപ്പ് എത്തിയത്.

Update: 2020-02-13 01:23 GMT

വത്തിക്കാന്‍: വിവാഹിതരായ പുരുഷന്‍മാരെ പുരോഹിതന്മാരായും സ്ത്രീകളെ ഡീക്കന്‍മാരായും നിയമിക്കണമെന്ന ലാറ്റിനമേരിക്കയിലെ ആമസോണ്‍ മേഖലയിലെ കത്തോലിക്ക സഭയുടെ ആവശ്യം പോപ്പ് ഫ്രാന്‍സിസ് നിരസിച്ചു. പുരോഹിതന്‍മാരുടെ എണ്ണക്കുറവ് മൂലം ശുശ്രൂഷകള്‍ നടക്കാത്ത സാഹചര്യം മേഖലയില്‍ നിലനില്‍ക്കുന്നതിനാലാണ് ബിഷപ്പുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കത്തോലിക്ക സഭയുടെ അടിസ്ഥാന നയത്തില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലാണ് പോപ്പ് എത്തിയത്.

പ്രൊട്ടസ്റ്റന്റ് സഭകളെ പോലെ കത്തോലിക്ക സഭയിലെ പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണം എന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് വിവാഹിതരെ പുരോഹിതരാക്കണമെന്ന നിര്‍ദ്ദേശം പോപ്പ് തള്ളിയത്. സഭയില്‍ നടക്കുന്ന ലൈംഗിക പീഡനത്തിന് അറുതി വരുത്താനാണ് പുരോഹിതരെ വിവാഹ ജീവിതം നയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്.

ഒമ്പത് രാജ്യങ്ങളാണ് ആമസോണ്‍ മേഖലയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സിനഡിലാണ് ഏറെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച നിര്‍ദ്ദേശം വന്നത്. 185 അംഗ സിനഡിലെ മൂന്നില്‍ രണ്ട് പേരും ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ചു. ഈ നിര്‍ദ്ദേശത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പോപ്പ് തയ്യാറായില്ല. ദീര്‍ഘകാലമായി ശുശ്രൂഷകളും മറ്റും നടക്കാത്ത ഇടവകകളുണ്ട്. അതിന് മറ്റൊരു പരിഹാരം കാണണമെന്ന് പോപ്പ് നിര്‍ദ്ദേശിച്ചു.

ഒരു മേഖലയില്‍ വിവാഹിതരെ പുരോഹിതരാക്കിയാല്‍ മറ്റ് മേഖലകളിലേക്കും ഇത് വ്യാപിക്കുമെന്ന് ഈ ആവശ്യത്തെ എതിര്‍ക്കുന്ന വിഭാഗം വാദിക്കുന്നു. പുരോഹിതര്‍ ബ്രഹ്മചര്യം പാലിക്കണമെന്നത് സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്.

Tags:    

Similar News