സിറിയയില്‍ തുര്‍ക്കി കരയാക്രമണം തുടങ്ങി; ആക്രമണത്തിന് അനുമതി നല്‍കിയെന്ന ആരോപണം നിഷേധിച്ച് യുഎസ്

അതേസമയം, തുര്‍ക്കി ആക്രമണത്തിന് യുഎസ് അനുമതി നല്‍കിയെന്ന ആരോപണം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നിഷേധിച്ചു. എന്നാല്‍, സുരക്ഷാ ആശങ്ക പരിഹരിക്കാന്‍ തുര്‍ക്കിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Update: 2019-10-10 06:56 GMT

ആങ്കറ: വടക്ക് കിഴക്കന്‍ സിറിയയിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കി സൈന്യം കരയാക്രമണം തുടങ്ങി. ശക്തമായ വ്യോമാക്രമണത്തിനു പിന്നാലെയാണ് കരയാക്രമണത്തിന് തുടക്കമിട്ടത്. യൂഫ്രട്ടീസ് നദിക്ക് കിഴക്കുള്ള പ്രദേശങ്ങളില്‍ കരയുദ്ധമാണ് തുര്‍ക്കി ആരംഭിച്ചത്. മേഖലയില്‍നിന്ന് യുഎസ് സൈന്യം പിന്‍മാറിയതിനു പിന്നാലെയാണ് തുര്‍ക്കി സൈന്യം ആക്രമണം ആരംഭിച്ചത്. മേഖലയില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.

അതേസമയം, തുര്‍ക്കി ആക്രമണത്തിന് യുഎസ് അനുമതി നല്‍കിയെന്ന ആരോപണം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നിഷേധിച്ചു. എന്നാല്‍, സുരക്ഷാ ആശങ്ക പരിഹരിക്കാന്‍ തുര്‍ക്കിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

യുഎസ് പിന്തുണയോടെയാണ് സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ കുര്‍ദുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ സൈന്യം അപ്രതീക്ഷിതമായി പിന്‍മാറിയതിനു പിന്നാലെയാണ് തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചത്.കുര്‍ദ് സൈന്യത്തെ സിറിയ-തുര്‍ക്കി മേഖലകളില്‍നിന്ന് നിഷ്‌കാസനം ചെയ്ത് അവിടെ സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. വര്‍ഷങ്ങളായി യുദ്ധം തുടരുന്ന സിറിയയില്‍ നിന്ന് ഒട്ടേറെ പേര്‍ അഭയാര്‍ഥികളായി തുര്‍ക്കിയില്‍ കഴിയുന്നുണ്ട്. ഇവരെ അതിര്‍ത്തിയില്‍ പാര്‍പ്പിക്കാനാണ് തുര്‍ക്കി നീക്കം.

അതേസമയം, തുര്‍ക്കിക്കെതിരേ ഇറാന്‍ രംഗത്തുവന്നു. സിറിയയില്‍ ആക്രമണം നടത്തരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തുര്‍ക്കിയോട് ആവശ്യപ്പെട്ടു. ഇറാന്‍ സൈന്യം തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ സൈന്യത്തെ വിന്യസിച്ച് അഭ്യാസ പ്രകടനം തുടങ്ങിയിട്ടുണ്ട്.

തുര്‍ക്കിയും ഇറാനും അടുത്ത ബന്ധം തുടരുന്ന രാജ്യങ്ങളാണ്. എന്നാല്‍ സിറിയന്‍ വിഷയത്തില്‍ രണ്ടു രാജ്യങ്ങള്‍ക്കും ഭിന്നാഭിപ്രായമാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസദിനെ പിന്തുണയ്ക്കുന്നു ഇറാന്‍. തുര്‍ക്കി എതിര്‍ക്കുകയും ചെയ്യുന്നു.

സിറിയയില്‍ കടന്ന് ആക്രമണം നടത്തരുതെന്ന് തുര്‍ക്കിയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കടന്നുകയറ്റം മേഖലയെ യുദ്ധ ഭൂമിയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിറിയയുടെ പരമാധികാരം തുര്‍ക്കി മാനിക്കണമെന്നും കടന്നുകയറ്റം ഒന്നിനും പരിഹാരമല്ല എന്നും റൂഹാനി പറഞ്ഞു.

തുര്‍ക്കി സൈന്യവും അവരെ പിന്തുണയ്ക്കുന്ന സിറിയയിലെ സായുധ സംഘങ്ങളും ഒരുമിച്ചാണ് കുര്‍ദ് മേഖലയില്‍ ആക്രമണം തുടങ്ങിയത്. സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സ്(എസ്ഡിഎഫ്) എന്ന കുര്‍ദ് വിമതരെയാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. നേരത്തെ തുര്‍ക്കിയില്‍ നടന്ന ചില ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് ആരോപണമുണ്ടായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തുര്‍ക്കി സൈന്യം ആക്രമണം ആരംഭിച്ചത്. 181 കേന്ദ്രങ്ങളില്‍ ബോംബിട്ടാണ് തുര്‍ക്കി സൈന്യം ആക്രമണത്തിന് തുടക്കം കുറിച്ചത്. ഇതോടെ ഈ മേഖലകളിലെ ജനങ്ങള്‍ പലായനം ചെയ്യാന്‍ ആരംഭിച്ചു.

ബോംബാക്രമണത്തില്‍ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. സിറിയയില്‍ ആക്രമണം നടത്താനുള്ള അധികാരം അമേരിക്ക തങ്ങള്‍ക്ക് കൈമാറിയെന്നാണ് തുര്‍ക്കി പറയുന്നത്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും കഴിഞ്ഞദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നു.

ആക്രമണം തുടങ്ങിയ പിന്നാലെ ട്രംപ് തുര്‍ക്കിക്കെതിരെ രംഗത്തുവന്നു. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

Tags:    

Similar News