നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് അട്ടിമറിയില്ല, തെറ്റായ ആരോപണമുന്നയിച്ചതിന് നടപടി നേരിടേണ്ടിവരും; മമതയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍

നന്ദിഗ്രാമിലെ ബോയല്‍ പോളിങ് ബൂത്ത് പിടിച്ചടക്കാന്‍ ബിജെപി ശ്രമിച്ചുവെന്നാണ് മമതയുടെ പരാതി. ഇവര്‍ക്ക് കേന്ദ്രസേന പിന്തുണ നല്‍കിയെന്നും തിരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാന പാലനം നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും ബാനര്‍ജി ആരോപിച്ചിരുന്നു. എന്നാല്‍, മമതയുടെ ആരോപണങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു.

Update: 2021-04-04 12:51 GMT

ന്യൂഡല്‍ഹി: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പരാതിയോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോലിസിന്റെയും നിരീക്ഷകരുടെയും റിപോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് മമതയ്ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നത്. നന്ദിഗ്രാമിലെ ബോയല്‍ പോളിങ് ബൂത്ത് പിടിച്ചടക്കാന്‍ ബിജെപി ശ്രമിച്ചുവെന്നാണ് മമതയുടെ പരാതി. ഇവര്‍ക്ക് കേന്ദ്രസേന പിന്തുണ നല്‍കിയെന്നും തിരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാന പാലനം നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും ബാനര്‍ജി ആരോപിച്ചിരുന്നു. എന്നാല്‍, മമതയുടെ ആരോപണങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു.

മമതയുടെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പുറത്തുനിന്നുള്ളവര്‍ പോളിങ് തടസ്സപ്പെടുത്തിയിട്ടില്ല. തോക്കുകളുമായി ആരുമെത്തിയിട്ടില്ല. ഗുണ്ടകള്‍ വന്നിട്ടില്ലെന്നും നന്ദിഗ്രാമിലെ ബൂത്തില്‍ വിന്യസിച്ച ബിഎസ്എഫ് ജവാന്‍മാര്‍ക്കെതിരായ ആരോപണം സത്യമല്ലെന്നും ഉദ്യോഗസ്ഥരുടെ റിപോര്‍ട്ട് ഉദ്ധരിച്ച് കമ്മീഷന്‍ പറയുന്നു. അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ ആരോപണങ്ങളുന്നയിച്ച മമതയ്‌ക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണ്. പെരുമാറ്റച്ചട്ടം മമത ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

പശ്ചിമബംഗാളിലുടനീളവും മറ്റ് ചില സംസ്ഥാനങ്ങളിലും ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പോളിങ് ബൂത്തിലെ മമതയുടെ നടപടി. മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമിച്ചത് ഖേദകരമായ കാര്യമാണ്. പോളിങ് സ്റ്റേഷനുകളിലോ സമീപത്തോ ക്രമരഹിതമായി പെരുമാറിയതിന് മൂന്നുമാസത്തെ തടവും അല്ലെങ്കില്‍ പിഴയും നല്‍കണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 131 വ്യവസ്ഥ ചെയ്യുന്നതെന്ന് കമ്മീഷന്‍ മമതയെ ഓര്‍മപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മമതയുടെ ആരോപണം.

പാര്‍ട്ടിയുടെ 63 പരാതികള്‍ കമ്മീഷന്‍ അവഗണിച്ചു. ഞങ്ങള്‍ കോടതിയെ സമീപിക്കും. ഇത് അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രസേന പോളിങ് ബൂത്തില്‍ കയറി വോട്ടര്‍മാരെ തടഞ്ഞുവെന്ന മമതയുടെ പരാതി വലിയ വാര്‍ത്തയായിരുന്നു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഏഴ് പരാതികള്‍ ലഭിച്ചതായി കമ്മീഷന്‍ കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ പോളിങ് ഏജന്റിനെ പുറത്തുനിന്നുള്ള ബിജെപി അനുഭാവികളും ഗുണ്ടകളും തോക്കുകളുമായെത്തി വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയും കമ്മീഷന്‍ നിരസിച്ചു.

ബാനര്‍ജിയെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിക്കുന്ന കുറച്ചുപേരൊഴികെ, അക്രമത്തെക്കുറിച്ച് ഒരു റിപോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിശദീകരിച്ചു. യാതൊരു തെളിവുമില്ലാത്ത ആരോപണമാണ് മമത ഉന്നയിച്ചത്. ഏപ്രില്‍ ഒന്നിന് രാവിലെ 5.30ന് മോക് ഡ്രില്‍ നടത്തി. 7 മണിക്ക് പോളിങ് ആരംഭിച്ചു. മോക് ഡ്രില്‍ നടത്തുമ്പോള്‍ സിപിഎം, ബിജെപി, സ്വതന്ത്രന്‍ എന്നിവരുടെ ബൂത്ത് ഏജന്റുമാരുണ്ടായിരുന്നു. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റിനെ കണ്ടതേയില്ല. സിസി ടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Tags: