കണ്ണൂരില്‍ കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനെ ചൊല്ലിയും രാഷ്ട്രീയപ്പോര്

Update: 2021-06-13 15:42 GMT

കണ്ണൂര്‍: കൊവിഡ് മഹാമാരിയില്‍ നാട് വിറങ്ങലിച്ചുനില്‍ക്കവെ കണ്ണൂരില്‍ രോഗബാധിതരായി മരണപ്പെടുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിയും രാഷ്ട്രീയപ്പോര്. കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണപക്ഷവും പ്രതിപക്ഷവുമാണ് ദിവസങ്ങളായി പരസ്പരം പോരടിക്കുന്നത്. ഏറ്റവുമൊടുവില്‍ സിപിഎം നിയന്ത്രണത്തിലുള്ള ചാനലില്‍ 'പയ്യാമ്പലത്ത് മൃതദേഹത്തോട് അനാദരവ് കാണിച്ചു' എന്ന വിധത്തിലുള്ള വാര്‍ത്തയാണ് ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഇതിന് ആക്കം കൂട്ടുന്ന വിധത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ എന്‍ സുകന്യ കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ മോഹനന് പരാതി നല്‍കിയതോടെ പോര് ശക്തമാക്കിയിരിക്കുകയാണ്. പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കോരി ബീച്ചില്‍ തള്ളിയെന്നായിരുന്നു ആരോപണം.

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്തു നിന്നുള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ ഇതിലുണ്ടെന്നും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിട്ടുള്ളതെന്നും സുകന്യ ആരോപിച്ചു. ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്ന വിഷയത്തില്‍ അടിയന്തിരമായി ഇടപെടല്‍ നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ മോഹനനു പരാതി നല്‍കി. ഇതിനുപുറമെ കൊവിഡ് കാലത്ത് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും വാക് പോര് തുടരുകയാണ്. എന്നാല്‍, ഇതിനെതിരേ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും ഐആര്‍പിസി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. ടി ഒ മോഹനന്‍ തിരിച്ചടിച്ചത്. കോര്‍പറേഷന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും മഹാമാരികാലത്ത് ജനങ്ങളില്‍ കൂടുതല്‍ ഭീതി പരത്തുന്ന തരത്തില്‍ പ്രചാരണം നല്‍കുകയും ചെയ്യുന്ന പി ജയരാജനെതിരേ ദുരന്തനിവാരണ നിയമപ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

    പയ്യാമ്പലത്ത് സംസ്‌കാര പ്രവൃത്തികള്‍ നടത്തുന്നത് ആരോഗ്യ വിഭാഗത്തില്‍ നിന്ന് പരിശീലനം ലഭിച്ച കോര്‍പറേഷന്റെ തൊഴിലാളികളാണെന്നും കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിവരുന്നതെന്നും ആരുടെ ഭാഗത്തു നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും മേയര്‍ അഡ്വ. ടി ഒ മോഹനന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിലേ സന്നദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് സിപിഎമ്മും കോണ്‍ഗ്രസും പോര് തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ ജില്ലാ ഭരണകൂടം സിപിഎം നിയന്ത്രണത്തിലുള്ള ഐആര്‍പിസിക്ക് സന്നദ്ധ സേവനം നടത്താനുള്ള അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിക്ക് കൂടി ജില്ലാ കലക്ടര്‍ അടിയന്തിരാനുമതി നല്‍കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പിന്നീട് സേവാഭാരതിയെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, കോര്‍പറേഷനില്‍ കോണ്‍ഗ്രസും സിപിഎമ്മുമാണ് കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഏറ്റുമുട്ടിയത്. പ്രത്യേകിച്ച്, പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് ബന്ധുക്കളുടെ മുന്നില്‍ വച്ച് പോലും വാക് പോരും പിടിവലിയും വരെ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നേതാക്കള്‍ തമ്മിലുള്ള പോരിലെത്തിയിരിക്കുന്നത്.

Political war over burying covid bodies in Kannur


Tags:    

Similar News