പോലിസ് വയര്‍ലെസ് ചോര്‍ത്തിയെന്ന കേസ്; ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി

Update: 2023-09-01 13:44 GMT

കൊച്ചി: പോലിസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് എറണാകുളം ജില്ലാ കോടതി തടഞ്ഞു. 2021ലെ വയലെസ് ചോര്‍ച്ചയില്‍ ഇന്നാണോ കേസ് എടുക്കുന്നതെന്നും ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനാണെന്നും ചോദിച്ചാണ് കോടതി അറസ്റ്റ് തടഞ്ഞത്. ആലുവ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തിരുവനന്തപുരത്ത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് നീക്കം. ഇതിനെതിരേ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയില്‍ രാവിലെ കോടതി പോലിസിനോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് വൈകീട്ട് മൂന്നോടെയാണ് കോടതി വാദം കേട്ടത്. പോലിസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നാണ് ഷാജനെതിരായ കേസ്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തെ, വ്യാജരേഖ ചമച്ചെന്ന കേസില്‍ ഷാജന്‍ സ്‌കറിയയെ നിലമ്പൂരില്‍നിന്ന് തൃക്കാക്കര പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ ചാനല്‍ വഴി മതവിദ്വേഷം പടര്‍ത്തിയെന്ന പരാതിയില്‍ നിലമ്പൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹാജരാവാനെത്തിയപ്പോഴാണ് തൃക്കാക്കര പോലിസ് വ്യാജരേഖ കേസില്‍ അറസ്റ്റ് ചെയ്തത്.

Tags:    

Similar News