സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: സിവിൽ പോലിസ് ഓഫിസർ ഒളിവിൽ തന്നെ

Update: 2022-11-18 12:02 GMT


കോഴിക്കോട്: സഹോദരിമാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച സിവിൽ പോലിസ് ഓഫീസറെ കേസെടുത്ത് നാല് ദിവസമായിട്ടും അറസ്റ്റ് ചെയ്തില്ല. കോഴിക്കോട് കോടാഞ്ചേരി പോലിസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോലിസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സംഭവത്തിൽ വിനോദ് കുമാറിനെ പോലിസ് സേനയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.


കോഴിക്കോട് കൂരാച്ചുണ്ട് പോലിസ് ആണ് കേസെടുത്തത്. സംഭവത്തിൽ സിപിഒ വിനോദ് കുമാർ ഒളിവിലാണെന്ന് കൂരാച്ചുണ്ട് എസ്ഐ പറഞ്ഞു. പെൺകുട്ടികളുടെ അമ്മയാണ് പോലിസില്‍ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


പരാതിയിൻമേൽ കുട്ടികളുടെ മൊഴി പോലിസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റിന് മുമ്പാകെ പരാതിക്കാരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയായ പോലിസുകാരൻ ഒളിവിലാണെന്നാണ് കൂരാച്ചുണ്ട് പോലിസ് പറയുന്നത്. എന്നാൽ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണം നാട്ടുകാരിൽ നിന്ന് ഉയർന്നിട്ടുണ്ട്. 


കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പോലിസ് ഉദ്യോഗസ്ഥർ പ്രതിയാകുന്ന നാലാമത്തെ പീഡന കേസാണിത്. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ച് ഏഴുവർഷത്തോളം പീഡിപ്പിച്ച കേസിൽ വിജിലൻസ് പോലിസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർ പിടിയിലായിരുന്നു. കേസില്‍ വിജിലൻസ് ഗ്രേഡ് എസ് സിപിഒ സാബു പണിക്കരാണ് അറസ്റ്റിലായത്.


വയനാട് അമ്പലവയലിലാണ് മറ്റൊരു കേസ് റിപോർട്ട് ചെയ്തിരിക്കുന്നത്. പട്ടികവർഗത്തിൽപ്പെട്ട പോക്സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെതിരേ പോക്സോ കേസും ഇതിന് പുറമെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുത്തു. ഇദ്ദേഹവും ഒളിവിലെന്നാണ് പോലിസ് ഭാഷ്യം.


ഞായറാഴ്ചയാണ് കോഴിക്കോട് കോസ്റ്റല്‍ പോലിസ് ഇൻസ്പെക്ടർക്കെതിരേ പീഡനക്കേസിൽ കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യൽ തുടരുന്നത്. കേസിൽ പി ആർ സുനുവിന്റെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ഇപ്പോൾ കിട്ടിയ തെളിവുകൾ മതിയാകില്ലെന്ന നിലപാടിലാണ് പോലിസ്. കൊച്ചി മരട് സ്വദേശിയായ പി ആർ സുനു നേരത്തെയും ബലാൽസംഗ കേസിൽ പ്രതിയായിട്ടുണ്ട്.