നടപടിക്രമം പാലിക്കാതെ പോലിസ് റെയ്ഡ്; സി എ റൗഫിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
'നിന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരങ്ങളും കൊലപാതക കേസില്‍ പ്രതികളാണ്, നിന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കി തരാം' എന്ന് മാത്രമായിരുന്നു മറുപടിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട്: നടപടിക്രമം പാലിക്കാതെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട് റെയ്ഡ് ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ മുഖ്യമന്ത്രിക്ക് പരാതി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ ഭാര്യ സുരയ്യയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 10 നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ് അന്വേഷണ സംഘാംഗം ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന പോലിസ് ആണ് അന്നേ ദിവസം പട്ടാമ്പി പോലിസില്‍ നിന്നാണെന്ന വ്യാജേന വാറന്റില്ലാതെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെയും സഹോദരങ്ങളെയും കൊലക്കേസില്‍ പടുത്തി ജയിലിലടക്കുമെന്നാണ് ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയത്. പട്ടാമ്പി പോലിസ് സ്‌റ്റേഷനില്‍ നിന്ന് എന്ന വ്യാജേന എത്തിയാണ് പോലിസ് സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. അതേസമയം, ഇങ്ങനെ ഒരു റെയ്ഡിന്റെ വിവരം അറിഞ്ഞിട്ടില്ലെന്നാണ് പട്ടാമ്പി സിഐ അന്ന് പറഞ്ഞത്. ചട്ടപ്രകാരമുള്ള യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയായിരുന്നു അനില്‍ കുമാറിന്റെ പരാക്രമമെന്ന് സുരയ്യ പരാതിയില്‍ പറയുന്നു.
സംഭവമറിഞ്ഞ് എത്തിയ റൗഫിന്റെ സഹോദരന്റെ മകന്‍ സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയുമായിരുന്നു. എന്തിനാണ് റെയ്‌ഡെന്ന് സുരയ്യ ചോദിച്ചെങ്കിലും, 'നിന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരങ്ങളും കൊലപാതക കേസില്‍ പ്രതികളാണ്, നിന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കി തരാം' എന്ന് മാത്രമായിരുന്നു മറുപടിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊപ്പം, ആലത്തൂര്‍ സ്‌റ്റേഷനുകളിലെ വാഹനങ്ങളിലാണ് പോലിസുകാര്‍ എത്തിയത്. എന്നാല്‍ എവിടെ നിന്നാണെന്ന് ചോദിച്ചപ്പോള്‍ പട്ടാമ്പി സ്‌റ്റേഷനില്‍ നിന്നാണെന്നായിരുന്നു മറുപടി. സെര്‍ച്ച് വാറന്റ് കാണിക്കാനോ, സെര്‍ച്ച് ലിസ്റ്റ് തയ്യാറാക്കി തന്റെ ഒപ്പ് വാങ്ങിയില്ലെന്നും സുരയ്യ പരാതിയില്‍ അടിവരയിടുന്നു.
