കരമനയില്‍ വയോധിക വില്‍പ്പനയ്ക്കു വെച്ച മീന്‍ പോലിസ് തട്ടിത്തെറിപ്പിച്ചു

മീന്‍ വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ് കരമന പോലിസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ മീന്‍ റോഡിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് വലിയതുറ സ്വദേശിനി മരിയ പുഷ്പം ആരോപിച്ചു.

Update: 2021-08-26 06:14 GMT

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ വഴിയോരത്ത് വില്‍പ്പനയ്ക്ക് വെച്ച വയോധികയുടെ മീന്‍ പോലിസ് തട്ടിത്തെറിപ്പിച്ചതായി പരാതി. മീന്‍ വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ് കരമന പോലിസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ മീന്‍ റോഡിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് വലിയതുറ സ്വദേശിനി മരിയ പുഷ്പം ആരോപിച്ചു. ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാര്‍ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് കരമനയിലും സമാന സംഭവം ആവര്‍ത്തിച്ചത്.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കരമന പാലത്തിന് സമീപം മത്സ്യം വില്‍ക്കുകയായിരുന്ന പുഷ്പത്തോട് ഇതുവഴി വന്ന രണ്ട് പോലിസുകാര്‍ ഇവിടെനിന്നും മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാറാന്‍ കഴിയില്ലെന്നും ഉപജീവന മാര്‍ഗം തടസപ്പെടുത്തരുതെന്നും പുഷ്പം പോലിസിനോട് അഭ്യര്‍ഥിച്ചു. ഇതില്‍ പ്രകോപിതരായ പോലിസ് ഉദ്യോഗസ്ഥര്‍ മീന്‍കുട്ട റോഡിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് പുഷ്പം ആരോപിച്ചു.

സംഭവ സ്ഥലത്ത് തടിച്ചൂകൂടിയ നാട്ടുകാര്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇത് ഗതാഗത തടസത്തിനും വഴിവെച്ചു. ഇതോടെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലിസെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഉത്തരവാദികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് പോലിസ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.