നിരപരാധികളെ പോലിസ് വേട്ടയാടുന്നു; കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാർഡ് കൗൺസിലർ നവാസ് നൈന

നിങ്ങൾ മതവാദമാണ് പറയുന്നതും പ്രവർത്തിക്കുന്നതുമെന്നാണ് ആ പോലിസുദ്യോ​ഗസ്ഥൻ പറയുന്നത്. സത്യത്തിൽ ആർഎസ്എസ് എന്താണോ പറയുന്നത് അതാണ് പോലിസും പറയുന്നത്.

Update: 2021-12-21 16:04 GMT

കോഴിക്കോട്: രഞ്ജിത്ത് വധത്തിൽ കസ്റ്റഡിയെടുത്ത മണ്ണഞ്ചേരി ​ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കൗൺസിലറും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അം​ഗവുമായ നവാസ് നൈനയെ മൂന്ന് മണിക്കൂർ ചോദ്യംചെയ്ത ശേഷം പോലിസ് വിട്ടയച്ചു. പോലിസ് നിരപരാധികളെ വേട്ടയാടുകയാണെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച നവാസ് നൈന തേജസ് ന്യൂസിനോട് പറഞ്ഞു.

ഞാൻ മണ്ണഞ്ചേരി ​ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കൗൺസിലറാണ്. കഴിഞ്ഞ ദിവസം ആർഎസ്എസുകാർ കൊല ചെയ്ത നമ്മുടെ നേതാവ് ഷാന്റെ വീട്ടിലായിരുന്നു ഉച്ചവരെ. ഷാൻ മരണപ്പെട്ടതിന്റെ മൂന്ന് ആയിരുന്നു ഇന്ന്. അവിടത്തെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്ത്, ഉച്ചയ്ക്ക് ശേഷം ജില്ലാ പ്രസിഡന്റിനൊപ്പം സർവകക്ഷി യോ​ഗത്തിന് പോകുവാനായി ആദ്യം എന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോയി. ഭക്ഷണം തയ്യാറാകുന്നതിനിടയിലാണ് ഐജിയുടെ സ്ക്വാഡാണെന്ന് പറഞ്ഞ് സിവിൽ ഡ്രസിലുള്ള ഏഴോളം പോലിസുകാർ‍ വന്ന് അവർക്കൊപ്പം പോകാൻ ആവശ്യപ്പെട്ടതെന്ന് നവാസ് നൈന പറഞ്ഞു.

ഞാൻ ജനപ്രതിനിധിയാണെന്നും, എന്തിനാണ് എന്നെ കൊണ്ടുപോകുന്നതെന്നും ചോദിച്ചുവെങ്കിലും അതൊന്നും കുഴപ്പമില്ല, നമുക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ടെന്നും പറഞ്ഞാണ് കൊണ്ടുപോയത്. സഹപ്രവർത്തകരെ വിളിച്ചറിയിക്കാൻ അവസരം വേണമെന്ന് പറഞ്ഞെങ്കിലും പോലിസ് അതിന് സമ്മതിച്ചില്ല. പോലിസ് വണ്ടിയിൽ വച്ചുതന്നെ മൊബൈൽ ഫോൺ പോലിസ് പിടിച്ചുവാങ്ങി ആശയവിനിമയം നടത്താനുള്ള എന്റെ അവകാശം തടഞ്ഞു. നീ അറിയാതെ ഒന്നും നടക്കില്ല, നീ കഥ പറ എന്നുപറഞ്ഞുകൊണ്ട് പോലിസ് വണ്ടിയിൽ നിന്ന് തന്നെ മാനസികമായി ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.

ഷാന് വെട്ടേറ്റതറിഞ്ഞപ്പോൾ മുതൽ ഷാനിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും പിന്നീട് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിക്കുന്നതും മരണത്തിന് പിന്നാലെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും കഴിഞ്ഞ് മയ്യത്തുമായാണ് പിന്നീട് ആലപ്പുഴയിലെത്തുന്നത്. മണ്ണഞ്ചേരി പോലിസ് ഇൻക്വസ്റ്റ് രേഖയിൽ വാർഡ് കൗൺസിലർ എന്ന നിലയ്ക്ക് ഒപ്പ് വയ്ക്കുന്നതും ഞാനാണ്. ആ എന്നെ എങ്ങിനെയാണ് രഞ്ജിത്തിനെ വധിച്ചതെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്തതെന്ന് മനസിലാവുന്നില്ലെന്ന് നവാസ് പറയുന്നു.

ആലപ്പുഴ ഡിവൈഎസ്പി ഓഫീസിൽ കൊണ്ടുപോയാണ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്. ഞാൻ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ആയിരുന്നെന്നും മണ്ണഞ്ചേരി പോലിസ് രേഖകൾ തെളിവാണെന്നും പറഞ്ഞെങ്കിലും പോലിസ് അത് കേൾക്കാൻ തയ്യാറായില്ല. ഐജിയുടെ സ്ക്വാഡിലുള്ള രണ്ട് മൂന്ന് ഉദ്യോ​ഗസ്ഥർ നമുക്ക് വേറെ രീതിയിൽ കൈകാര്യം ചെയ്യാനറിയുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അന്വേഷണ ഉദ്യോ​ഗസ്ഥരിൽ ഒരാൾ ചോദ്യം ചെയ്തപ്പോൾ സംഘപരിവാർ പ്രതിനിധിയെ പോലെയാണ് പെരുമാറിയത്. നിങ്ങൾ എന്തടിസ്ഥാനത്തിലാണ് മതപരമായി ആളുകളെ കൊല്ലുന്നത്? നിങ്ങളുടെ ഖുർആനിൽ ഇത് പറഞ്ഞിട്ടുണ്ടോയെന്നൊക്കെയാണ് അദ്ദേഹം ചോദിച്ചത്. നിങ്ങൾ മതവാദമാണ് പറയുന്നതും പ്രവർത്തിക്കുന്നതുമെന്നാണ് ആ പോലിസുദ്യോ​ഗസ്ഥൻ പറയുന്നത്. സത്യത്തിൽ ആർഎസ്എസ് എന്താണോ പറയുന്നത് അതാണ് പോലിസും പറയുന്നത്.

രഞ്ജിത്ത് വധത്തിന്റെ പേരിൽ പോലിസ് ഇപ്പോൾ നിരപരാധികളെ വേട്ടയാടുകയാണ്. അതേസമയം ഷാന്റെ കൊലപാതകത്തിൽ ആർഎസ്എസുകാരുടെ വീടുകൾ റെയ്ഡ് ചെയ്യുന്നതായി അറിഞ്ഞിട്ടില്ല, പക്ഷേ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകയറി പരിശോധന വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു.