ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ വെച്ച് വെന്തുമരിച്ച രാജനെതിരേ സ്വമേധയാ കേസെടുത്ത് പോലിസ്
അഭിഭാഷക കമ്മീഷന്റെ മൊഴിയില്‍ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ മരണപ്പെട്ട രാജനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപോര്‍ട്ട്. കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ആത്മഹത്യശ്രമം നടത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് രാജനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഭിഭാഷക കമ്മീഷന്റെ മൊഴിയില്‍ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം രാജന്റേയും ഭാര്യയുടേയും മരണത്തില്‍ പോലിസിന്റെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായോ എന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോലിസുകാര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജന്റെ രണ്ടുമക്കളും പരാതി നല്‍കിയിട്ടുണ്ട്.
രാജന്റേയും അമ്പിളിയുടേയും മരണത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ അമ്പിളിയുടെ മൃതദേഹം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്നതുള്‍പ്പെടെയുള്ള കലക്ടറുടെ ഉറപ്പുകളിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച രാജന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി ആവശ്യങ്ങള്‍ തീരുമാനിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായി കൂടികാഴ്ച്ച നടത്തി. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച്ച. സംഭവം കൈകാര്യം ചെയ്ത രീതിക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലിസിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ഡിജിപി നേരിട്ട് റിപോര്‍ട്ട് നല്‍കിയത്.
