മത സ്പര്‍ധയും വെറുപ്പും പരത്തുന്നു; ഇ ശ്രീധരനെതിരേ പോലിസില്‍ പരാതി

പൊതു പ്രവര്‍ത്തകന്‍ അഡ്വ.അനൂപ് വി ആര്‍ ആണ് പൊന്നാനി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

Update: 2021-02-25 03:43 GMT

തിരുവനന്തപുരം: സമൂഹത്തില്‍ മത സ്പര്‍ധയും വെറുപ്പും പടര്‍ത്താന്‍ ശ്രമിക്കുന്നു എന്ന കാണിച്ച് മെട്രോമാന്‍ ഇ ശ്രീധരനെതിരെ പോലിസില്‍ പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകള്‍ സമൂഹത്തില്‍ മതസ്പര്‍ധക്ക് കാരണമെന്ന് കാണിച്ചാണ് പരാതി. പൊതു പ്രവര്‍ത്തകന്‍ അഡ്വ.അനൂപ് വി ആര്‍ ആണ് പൊന്നാനി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ വിവാദ പരാമര്‍ശം. ''ലവ് ജിഹാദ്, ഉള്ളതാണ്. കേരളത്തില്‍ നടന്നതൊക്കെ കണ്ടിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരില്‍ പിന്നീടവര്‍ പ്രയാസപ്പെടുന്നതുമൊക്കെ കണ്ടിട്ടുണ്ട്. വഞ്ചിതരാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാന്‍ തീര്‍ച്ചയായും എതിര്‍ക്കും' എന്നായിരുന്നു പ്രതികരണം.

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അത്തരക്കാരെ ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു പ്രതികരണം. ഈ പരാമര്‍ശങ്ങളാണ് വിവാദമായി മാറിയത്.

ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ഇ ശ്രീധരന്‍ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇത്തരം പരാമര്‍ശങ്ങളെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

Tags:    

Similar News