'സ്വര്‍ണക്കടത്ത് പണം നിരോധിത സംഘടനകള്‍ക്കെന്ന് പറഞ്ഞിട്ടില്ല'' ഗവര്‍ണര്‍ക്കെതിരെ പൊലിസ്

പൊലിസ് വെബ്‌സൈറ്റിലുള്ളത് സ്ഥിതിവിവര കണക്കുകള്‍ മാത്രമെന്ന് വിശദീകരണം

Update: 2024-10-10 14:44 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പണം നിരോധിത സംഘടനകള്‍ക്ക് ലഭിക്കുകയാണെന്ന് പറഞ്ഞിട്ടില്ലെന്ന് പൊലിസ്. സംസ്ഥാനത്ത് പൊലിസ് പിടിക്കുന്ന സ്വര്‍ണത്തിന്റെയും കറന്‍സിയുടെയും കണക്കുകള്‍ മാത്രമാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക. ഓരോ കാലത്തും എത്രയെത്ര സ്വര്‍ണം, കറന്‍സി എന്നിവ പിടിച്ചുവെന്നതിന്റെ സ്ഥിതിവിവര കണക്കുമാത്രമാണ് പ്രസിദ്ധീകരിക്കുകയെന്നും പൊലീസ് വിശദീകരിച്ചു.

സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം നിരോധിത സംഘടനകള്‍ക്കു പോവുകയാണെന്ന് പൊലിസ് വെബ്‌സൈറ്റിലുണ്ടെന്നാണ് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ പരാമര്‍ശമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി പൊലിസ് രംഗത്തെത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, താന്‍ ഇത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: