പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്

Update: 2023-05-29 03:29 GMT

ന്യൂഡല്‍ഹി: ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷണ്‍ എംപിയെ അറസ്റ്റ് ചെയ്യണെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കേസ്. ആഴ്ചകളായി പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കുന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പൂനിയ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. അതിനിടെ, പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന താരങ്ങളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ചില താരങ്ങള്‍ രാത്രി പ്രതിഷേധത്തിനായി ജന്തര്‍ മന്തറിലേക്ക് എത്തിയിരുന്നെങ്കിലും ഡല്‍ഹി പോലിസ് അനുമതി നിഷേധിക്കുകയും തിരിച്ചയക്കുകയും ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിനിടെ ഗുസ്തി താരങ്ങള്‍ മാര്‍ച്ച് നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നാലെയാണ് ഗുരുതരവകുപ്പുകള്‍ ചുമത്തി ികേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പോലിസ് പിന്നീട് വിട്ടയച്ചിരുന്നു. അതേസമയം, സര്‍ക്കാര്‍ അവരുടെ കായിക താരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും പുതിയ ചരിത്രം എഴുതപ്പെടുകയാണെന്നും വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. ബ്രിജ് ഭൂഷനെതിരേ ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലിസ് ഏഴു ദിവസങ്ങളെടുത്തു. എന്നാല്‍ സമാധാനപരമായി സമരം ചെയ്ത ഞങ്ങള്‍ക്കെതിരേ കേസെടുക്കാര്‍ ഏഴുമണിക്കൂര്‍ പോലും വേണ്ടി വന്നില്ല. രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുകയാണോ?. അതിനിടെ, സമരം തുടരുമെന്ന് പോലിസ് അറിയിച്ചു. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ജന്തര്‍ മന്തറിലെ സമരവേദി ഡല്‍ഹി പോലിസ് പൊളിച്ചുമാറ്റിയിരുന്നു. സമരത്തിന് ഇനി പോലിസ് അനുമതി നല്‍കിയേക്കില്ലെന്നാണ് വിവരം.




Tags:    

Similar News