പാലത്തായി കേസ്: പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ലോക്കപ്പിൽ ക്രൂരമർദ്ദനം

''പള്ളിയിൽ കൈകാര്യം ചെയ്യുന്നപോലെ ഇവിടെ വന്ന് കളിക്കണ്ട ചെറ്റകളെ'' എന്നാക്രോശിച്ചായിരുന്നു സിഐയുടെ മർദ്ദനം.

Update: 2020-07-13 18:28 GMT

കണ്ണൂർ: പാലത്തായി കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ലോക്കപ്പിൽ ക്രൂരമർദ്ദനം. കാംപസ് ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് സ്റ്റേഷനിൽ അസഭ്യവർഷം നടത്തുകയും ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തത്.

കലക്ട്രേറ്റ് മാർച്ച് നടത്തിയ വിദ്യാർഥിനികൾ ഉൾപ്പടെയുള്ള കാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോവുകയും സിഐ വന്നാൽ ജാമ്യം നൽകി വിട്ടയക്കാമെന്നും പറഞ്ഞ് ടൗൺ സ്റ്റേഷനിലെ പോർച്ചിൽ നിർത്തുകയുമായിരുന്നു. സിഐ വന്നതിന് പിന്നാലെ വിദ്യാർഥികളെ സ്റ്റേഷനകത്തേക്ക് കയറ്റിയാണ് മർദ്ദനത്തിനിരയാക്കിയത്. ''പള്ളിയിൽ കൈകാര്യം ചെയ്യുന്നപോലെ ഇവിടെ വന്ന് കളിക്കണ്ട ചെറ്റകളെ'' എന്നാക്രോശിച്ചായിരുന്നു സിഐയുടെ മർദ്ദനം.

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം മുഹമ്മദ്‌ റിഫയെ ലാത്തികൊണ്ട് ചെവിക്ക് അടിക്കുകയും നട്ടെല്ലിന് മർദ്ദിക്കുകയും ചെയ്തു. വിദ്യാർഥികളെ ജാമ്യത്തിലെടുക്കാൻ എത്തിയ രക്ഷിതാവിനെ മർദ്ദിക്കുകയും വിദ്യാർഥിനികളോടും അസഭ്യവർഷമാണ് പോലിസ് നടത്തിയത്‌. മർദ്ദനവും അസഭ്യവർഷവും ചോദ്യംചെയ്ത കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി റഫാനെ പോലിസ് വളഞ്ഞിട്ട് പൊതിരെത്തല്ലുകയായിരുന്നു.

വിദ്യാർഥിനികളെ സ്റ്റേഷന്റെ മറ്റൊരു ഭാ​ഗത്തേക്ക് മാറ്റിയതിന് ശേഷമാണ് മുപ്പതോളം വരുന്ന പോലിസുകാർ ജാമ്യം എടുക്കാൻ വന്ന രക്ഷിതാക്കളെയും പ്രതിഷേധത്തിൽ പങ്കെടുത്തവരേയും ക്രൂരമായ മർദ്ദനത്തിനിരയാക്കിയത്. ലോക്കപ്പ് മർദ്ദനത്തിൽത്തിൽ പരിക്കേറ്റവർ ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.

Similar News