ഡല്‍ഹി ജമാ മസ്ജിദിനു മുന്നില്‍ വന്‍ പ്രതിഷേധം
പതാകയേന്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷാക്കുമെതിരേ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം മുന്നോട്ട് പോവുന്നത്.
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹി ജമാ മസ്ജിദിനു മുന്നില്‍ വന്‍ പ്രതിഷേധം. ജുമുആ പ്രാര്‍ഥനയ്ക്കു ശേഷം നൂറുകണക്കിന് വിശ്വാസികളാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പതാകയേന്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷാക്കുമെതിരേ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം മുന്നോട്ട് പോവുന്നത്. നേരത്തേ ഡല്‍ഹി ജുമാ മസ്ജിദില്‍നിന്ന് ജന്ദര്‍ മന്ദിറിലേക്ക് റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പോലിസ് വിലക്ക് മറികടന്നാണ് നൂറുകണക്കിനു പേര്‍ റാലിയില്‍ അണിനിരന്നത്.
പള്ളിയില്‍നിന്നു ഇറങ്ങിയവര്‍ക്കു പുറമെ ജുമാ മസ്ജിദിന്റെ പരിസര പ്രദേശങ്ങളില്‍നിന്നും സംഘമായി വന്ന് റാലിയില്‍ അണി ചേരുകയായിരുന്നു. പ്രദേശത്ത് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ജനാധിപത്യം സംരക്ഷിക്കുക, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, ഈ രാജ്യം ആരുടേയും തറവാട്ടു വകയല്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് വന്‍ജനക്കൂട്ടം റാലിയുടെ ഭാഗമായിരിക്കുന്നത്. അതേസമയം, ജമാ മസ്ജിദില്‍നിന്ന് ജന്ദര്‍മന്ദിറിലേക്കുള്ള റോഡ് പോലിസ് തടസ്സപ്പെടുത്തിയിട്ടുണ്ട്.
