എസ്ഡിപിഐ പ്രവര്‍ത്തകനാണോ എന്ന് ചോദിച്ച് മുസ്‌ലിം യുവാവിന് പോലിസ് മര്‍ദ്ദനം

പോലിസ് സ്‌റ്റേഷനില്‍ നിന്ന് അല്‍ത്താഫിന് മര്‍ദ്ദനമേറ്റിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച് അവശനായ അല്‍ത്താഫിനെ കസ്റ്റഡിയില്‍ എടുത്ത വിവരം പാലക്കാട്ടുള്ള എസ്ഡിപിഐ പാര്‍ട്ടി നേതൃത്വം അറിയുകയും സംഭവത്തില്‍ ഇടപെടുകയുമായിരുന്നു.

Update: 2022-06-06 14:44 GMT

പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകനാണോ എന്ന് ചോദിച്ച് പാലക്കാട് സൗത്ത് പോലിസ് മുസ്‌ലിം യുവാവിനെ മര്‍ദ്ദനത്തിനിരയാക്കി. ബിസിനസ് ആവശ്വാര്‍ത്ഥം പാലക്കാട് ടൗണില്‍ എത്തിയ പത്തനംതിട്ട സ്വദേശിയെയാണ് സൗത്ത് പോലിസ് സി ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

കച്ചവടാവശ്യാര്‍ത്ഥം പത്തനംതിട്ട സ്വദേശിയായ അല്‍ത്താഫ് കഴിഞ്ഞ ദിവസം പാലക്കാട് എത്തിയിരുന്നു. പാലക്കാട് സൗത്ത് പോലിസ് അല്‍ത്താഫിന്റെ മൊബൈല്‍ പിടിച്ചു വാങ്ങി പരിശോധിച്ച ശേഷം നീ എസ്ഡിപിഐ പ്രവര്‍ത്തകനാണോ എന്ന് ചോദിച്ച് പോലിസ് വാഹനത്തില്‍ കയറ്റി സ്‌റ്റേഷനില്‍ കൊണ്ടുപോവുകയായിരുന്നു.

പോലിസ് സ്‌റ്റേഷനില്‍ നിന്ന് അല്‍ത്താഫിന് മര്‍ദ്ദനമേറ്റിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച് അവശനായ അല്‍ത്താഫിനെ കസ്റ്റഡിയില്‍ എടുത്ത വിവരം പാലക്കാട്ടുള്ള എസ്ഡിപിഐ പാര്‍ട്ടി നേതൃത്വം അറിയുകയും സംഭവത്തില്‍ ഇടപെടുകയുമായിരുന്നു. പ്രതിഷേധം മുന്നില്‍ക്കണ്ട് പോലിസ് പിന്നീട് അല്‍ത്താഫിനെ വിട്ടയക്കുകയായിരുന്നു.

പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ അല്‍ത്താഫിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് പിന്നാലെ മുസ്‌ലിം യുവാക്കള്‍ക്ക് നേരേ വ്യാപകമായ പീഢനങ്ങളാണ് പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളെ ശ്രീനിവാസ് വധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്് പട്ടാമ്പി കൈപ്പുറം സ്വദേശി അഷ്‌കര്‍ എന്ന യുവാവിനെ പാലക്കാട് സൗത്ത് പോലിസ് വീട്ടിലെത്തി ഭീകരാന്തരീക്ഷം തീര്‍ത്ത് വീട്ടില്‍ നിന്ന് കൊണ്ടുപോയി 4 ദിവസത്തോളം കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു.