ഷാഫി പറമ്പിലിന് പോലിസ് മര്‍ദനം; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം, ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

പോലിസുകാര്‍ക്കെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. രാവിലെ 8.30ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ വിഷയം പ്രതിപക്ഷം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുകൂലതീരുമാനമുണ്ടായില്ല.

Update: 2019-11-20 10:40 GMT

തിരുവനന്തപുരം: കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയെ പോലിസ് ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ച് നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും പ്രതിപക്ഷ ബഹളം. എംഎല്‍എയെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പോലിസുകാര്‍ക്കെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. രാവിലെ 8.30ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ വിഷയം പ്രതിപക്ഷം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുകൂലതീരുമാനമുണ്ടായില്ല.

തുടര്‍ന്ന് പോലിസുകാര്‍ക്കെതിരേ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഒടുവില്‍ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടു. ശൂന്യവേളയില്‍ വീണ്ടും സഭയില്‍ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാല്‍ സഭയില്‍വച്ചുതന്നെ പോലിസുകാര്‍ക്കെതിരായ അച്ചടക്കനടപടി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വാളയാര്‍, മാര്‍ക്ക് ദാന തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ച് കെഎസ്‌യു നടത്തിയ മാര്‍ച്ചിനിടെയാണ് ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവര്‍ക്കെതിരേ പോലിസ് മര്‍ദനമുണ്ടായത്.

ബുധനാഴ്ച ഷാഫി പറമ്പിലിന്റെ ചോരപുരണ്ട വസ്ത്രവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബഹളംവച്ച പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിറും കയറിയിരുന്നു. നാല് എംഎല്‍എമാരാണ് ഡയസില്‍ക്കയറി പ്രതിഷേധിച്ചത്. ഇത് സഭാമര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരേ നടപടിയുണ്ടാവുമോയെന്ന് ഇന്നറിയാം. നിയമസഭാ സമ്മേളനം അവസാനിച്ചാലും പുറത്ത് പോലിസ് മര്‍ദനം ചൂണ്ടിക്കാട്ടി സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 

Tags:    

Similar News