കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പെരുന്നാള്‍ നമസ്‌കാരം; ഇമാമിനെതിരായ കേസിന് പിന്നില്‍ സിപിഎം ഇടപെടലെന്ന് ജമാഅത്ത് കമ്മിറ്റി
യാതൊരുവിധ പ്രാഥമിക അന്വേഷണവും നടത്താതെയാണ് പോലിസ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബലിപെരുന്നാള്‍ നടത്തിയ ചീഫ് ഇമാമിനേയും പള്ളി ഭാരവാഹികളേയും പ്രതിയാക്കി പോലിസ് കേസെടുത്തതായി പരാതി. കിളിമാനൂര്‍ പള്ളിയ്ക്കല്‍ മുസ്ലിം ജമാഅത്ത് (വടക്കേപള്ളി)80 ഓളം ആളുകളെ ഉള്‍പ്പെടുത്തിയാണ് ബലി പെരുന്നാള്‍ നമസ്‌കാരം നടത്തിയത്. എന്നാല്‍ ബലി പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് 12 ദിവസത്തിനിന് ശേഷം മഹലിന്റെ ചീഫ് ഇമാമിന്റേയും പ്രസിഡന്റ്, സെക്രട്ടറി ട്രഷറര്‍ എന്നിവരുടേയും പേരില്‍ പള്ളിയ്ക്കല്‍ പോലിസ് കേസ്സെടുത്തു.
യാതൊരുവിധ പ്രാഥമിക അന്വേഷണവും നടത്താതെയാണ് പോലിസ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഇമാമിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പോലിസ് സംഘം വന്നിരുന്നു. തുടര്‍ന്ന് ജമാഅത്ത് പരിപാലന സമിതി അംഗങ്ങള്‍ ആറ്റിങ്ങല്‍ സിജെഎം കോടതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് രണ്ട് ആഴ്ചകള്‍ക്ക് ശേഷം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് അറിഞ്ഞത്.
പള്ളി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ട ജമാഅത്ത് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സജീബ് ഹാഷിം യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയും പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്തേക്ക് കടന്നുവന്ന് നമസ്‌കാരം അലങ്കോലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇമാമിന്റെ മൈക്ക് തട്ടിയെടുക്കുകയും ഇമാമിനെയും മറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജമാഅത്ത് പരിപാലന സമിതി പള്ളിയ്ക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
