കണ്ണൂരിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ പോലിസ് നടപടി കര്‍ശനമാക്കി

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 21 അംഗ കുടുംബത്തിലെ 13 പേര്‍ക്ക് ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താനാവാത്തതുമാണ് കര്‍ശന നടപടിയിലേക്കു നീങ്ങാന്‍ കാരണം

Update: 2020-06-01 04:48 GMT

കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക വ്യാപനം ഇല്ലാതാക്കാന്‍ കണ്ണൂരില്‍ പോലിസ് നടപടി ശക്തമാക്കി. ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളും പോലിസ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ആരെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര വ്യക്തമാക്കി.

    മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 21 അംഗ കുടുംബത്തിലെ 13 പേര്‍ക്ക് ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താനാവാത്തതുമാണ് കര്‍ശന നടപടിയിലേക്കു നീങ്ങാന്‍ കാരണം. ഈ കുടുംബത്തിലെ ആളുകളുമായി സമ്പര്‍ക്കമുണ്ടായ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസ്തുത കുടുംബാംഗങ്ങള്‍ ജോലി ചെയ്ത തലശ്ശേരിയിലെ മല്‍സ്യമാര്‍ക്കറ്റാണോ രോഗത്തിന്റെ ഉറവിടമെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരം മല്‍സ്യമാര്‍ക്കറ്റ് അടച്ചിട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദിവസം തോറും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം ജില്ലയില്‍ കൂടിയതോടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പുനസ്ഥാപിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മൂന്നു സ്ഥലങ്ങള്‍ മാത്രം കണ്ടയ്ന്‍മെന്റ് സോണുകളാക്കി സമ്പൂര്‍ണമായി അടച്ചിടുകയായിരുന്നു. തലശ്ശേരി നഗരസഭയിലെ മല്‍സ്യ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന രണ്ട് വാര്‍ഡുകളും മുഴപ്പിലങ്ങാട്, ധര്‍മ്മടം പഞ്ചായത്തുകളുമാണ് പോലിസ് പൂര്‍ണമായും അടച്ചിട്ടിട്ടുള്ളത്.




Tags: