സാഹിത്യത്തിനുള്ള നോബേല്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കും ഓള്‍ഗ ടോകാര്‍ചുക്കിനും
ഓള്‍ഗ 2018ലെ പുരസ്‌കാരത്തിനും ഹാന്‍ഡ്‌കെ 2019ലെ പുരസ്‌കാരത്തിനുമാണ് അര്‍ഹരായത്. ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. ഇതെത്തുടര്‍ന്നാണു വ്യാഴാഴ്ച രണ്ടുവര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി മാറ്റ്‌സ് മാം ഒന്നിച്ചുപ്രഖ്യാപിച്ചത്.
സ്‌റ്റോക്ക്‌ഹോം: ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെ, പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്ക് എന്നിവര്‍ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഓള്‍ഗ 2018ലെ പുരസ്‌കാരത്തിനും ഹാന്‍ഡ്‌കെ 2019ലെ പുരസ്‌കാരത്തിനുമാണ് അര്‍ഹരായത്. ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. ഇതെത്തുടര്‍ന്നാണു വ്യാഴാഴ്ച രണ്ടുവര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി മാറ്റ്‌സ് മാം ഒന്നിച്ചുപ്രഖ്യാപിച്ചത്.
2018ലെ മാന്‍ ബുക്കര്‍ പുരസ്‌കാരജേതാവാണ് ഓള്‍ഗ. സര്‍വവിജ്ഞാനതുല്യമായ അഭിനിവേശം ജീവിതത്തിന്റെ രൂപമാക്കി അതിരുകള്‍ കടക്കുന്ന ആഖ്യാനഭാവന എന്നാണ് ഓള്‍ഗ ടോകാര്‍ചുക്കിന്റെ എഴുത്തിനെ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്. സിറ്റീസ് ഇന്‍ മിറര്‍സ്, ദി ജേണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദി ഡോള്‍ ആന്റ് ദി പേള്‍ തുടങ്ങിയവയാണു പ്രധാന കൃതികള്‍.
നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണു ഹാന്‍ഡ്‌കെ. ഭാഷാപരമായ ചാതുര്യമുപയോഗിച്ച് മനുഷ്യാനുഭവങ്ങളെ പര്യവേക്ഷണം ചെയ്യുന്നതാണ് ഹാന്‍ഡ്‌കെയുടെ കൃതികളെന്ന് സമിതി വിലയിരുത്തി. പഠനകാലത്തുതന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയിട്ടുണ്ട്. 1990 മുതല്‍ ഇദ്ദേഹം പാരീസിലാണു താമസിക്കുന്നത്. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലയിലെ നോബേല്‍ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.