കവിയും ഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-06-22 00:47 GMT

തിരുവനന്തപുരം: കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍(73) അന്തരിച്ചു. കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ന്യൂമോണിയ കൂടി ബാധിച്ചതോടെ തിങ്കളാഴ്ച അര്‍ധരാത്രി 12.20ഓടെയായിരുന്നു അന്ത്യം. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍(ചാമരം), ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍(ഒരു കുടക്കീഴില്‍), ശരറാന്തല്‍ തിരിതാഴും(കായലും കയറും) തുടങ്ങി മുന്നൂറിലേറെ ചലച്ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. നാടകഗാനങ്ങള്‍, ലളിത ഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍ എന്നിവയിലൂടെയാണ് പ്രശസ്തനായത്. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു.

    1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിഅത്തുല്‍ അദവിയ്യ ബീവി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കില്‍നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്നാണ് എഎംഐഇ പാസായത്. നാടകസമിതികളിലൂടെയും കോഴിക്കോട് ആകാശവാണിയിലൂടെയും ജനങ്ങളുടെ മനസ്സുകളില്‍ ഇടംനേടി. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Poet and songwriter Poovachal Khader died

Tags: