കൊവിഡ്: പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

രാജ്യസഭയിലെയും ലോക്‌സഭയിലെയും കക്ഷി നേതാക്കളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്.

Update: 2020-12-04 03:50 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. രാവിലെ 10.30 ന് ഓണ്‍ലൈനായാണ് യോഗം. യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. രാജ്യസഭയിലെയും ലോക്‌സഭയിലെയും കക്ഷി നേതാക്കളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്.

രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് യോഗം വിലയിരുത്തും. ദീപാവലി അടക്കമുള്ള ഉത്സവകാലത്ത് വടക്കേ ഇന്ത്യയില്‍ അടക്കം വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്.

കൊവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഏപ്രില്‍ 20 നാണ് ആദ്യ സര്‍വകക്ഷിയോഗം ചേര്‍ന്നത്. കൊവിഡ് വാക്‌സിന്‍ ഗവേഷണ പുരോഗതി അടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

Tags: