പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍; പ്രധാനമന്ത്രി 20 മിനിറ്റ് ഫ്‌ളൈ ഓവറില്‍ കുടുങ്ങി; പഞ്ചാബിലെ റാലി ഉപേക്ഷിച്ച് മോദി മടങ്ങി
അമൃത്‌സര്‍: കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കര്‍ഷകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങി. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ കര്‍ഷക സംഘടനകള്‍ വഴിയില്‍ തടഞ്ഞത്. ബതിന്ദയിലെ മേല്‍പ്പാലത്തിലാണ് പ്രധാനമന്ത്രിയുടെ അടക്കം വാഹനവ്യൂഹം 20 മിനിറ്റോളം കുടുങ്ങി. ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ പിതാവായ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയെ പഞ്ചാബില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഒമ്പത് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ഇതെത്തുടര്‍ന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പൂരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര ഒഴിവാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു. പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യാനിരുന്ന ഫിറോസ്പൂരില്‍, കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ 'ചില കാരണങ്ങളാല്‍' മോദി തന്റെ സന്ദര്‍ശനം റദ്ദാക്കിയതായി വേദിയില്‍ പ്രഖ്യാപിച്ചു. ഫിറോസ്പൂര്‍ ജില്ലയിലെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനാണ് പ്രധാനമന്ത്രി രാവിലെ ബതിന്ദ വിമാനത്താവളത്തിലെത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നത്.
എന്നാല്‍, കാലാവസ്ഥ മോശമായതിനാല്‍ പിന്നീട് റോഡ് മാര്‍ഗം രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. പഞ്ചാബ് പോലിസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡ് മാര്‍ഗം യാത്ര തിരിച്ചത്. എന്നാല്‍, സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. യാത്ര റോഡ് മാര്‍ഗമാക്കുന്നതിന് മുമ്പ് പഞ്ചാബ് പോലിസുമായി സംസാരിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചതെന്നാണ് റിപോര്‍ട്ട്.
തുടര്‍ന്ന് എന്‍എസ്ജി സംഘം പ്രധാനമന്ത്രിയുമായി ബത്തിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങി. പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം ആരോപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ഇന്നത്തെ പഞ്ചാബിലെ റാലികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മഴ മൂലം റദ്ദാക്കുന്നതായാണ് വിശദീകരണം. പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരില്‍നിന്ന് വിശദീകരണം ചോദിച്ചു.

