പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രിംകോടതി

സുപ്രിം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എന്‍ഐഎ ഐജി, ചണ്ഡിഗഡ് ഡിജിപി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, ഐബി അഡീഷനല്‍ ഡിജി എന്നിവര്‍ അംഗങ്ങളാണ്.

Update: 2022-01-10 09:19 GMT

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രിം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എന്‍ഐഎ ഐജി, ചണ്ഡിഗഡ് ഡിജിപി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, ഐബി അഡീഷനല്‍ ഡിജി എന്നിവര്‍ അംഗങ്ങളാണ്. സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്. സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരും കേന്ദ്രവും കോടതിയില്‍ സ്വീകരിച്ചത്.

പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണം മരവിപ്പിക്കാന്‍ കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. രേഖകള്‍ കൈമാറിയതായി ഇന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്രം സമിതിയെ നിയോഗിച്ചത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി ആണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

Tags:    

Similar News