കൊവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം; ഒരു ലക്ഷം മുന്‍നിര പോരാളികളെ അണിനിരത്തുമെന്ന് മോദി

സ്‌കില്‍ ഇന്ത്യയുടെ കീഴില്‍ കൊവിഡ് 19 മുന്‍നിര പ്രവര്‍ത്തകര്‍ക്കായുളള ആറിന ക്രാഷ്‌കോഴ്‌സ് പ്രോഗ്രാമിന്റെ ലോഞ്ച് നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Update: 2021-06-18 08:05 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ലക്ഷം കൊവിഡ് 19 മുന്‍നിര പ്രവര്‍ത്തകരെ സജ്ജമാക്കുക എന്നുളളതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌കില്‍ ഇന്ത്യയുടെ കീഴില്‍ കൊവിഡ് 19 മുന്‍നിര പ്രവര്‍ത്തകര്‍ക്കായുളള ആറിന ക്രാഷ്‌കോഴ്‌സ് പ്രോഗ്രാമിന്റെ ലോഞ്ച് നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബേസിക് കെയര്‍ ഹെല്‍പര്‍, ഹോം കെയര്‍ ഹെല്‍പര്‍, അഡൈ്വസ് കെയര്‍ ഹെല്‍പര്‍, മെഡിക്കല്‍ ഇന്‍സ്ട്രമെന്റ് ഹെല്‍പര്‍, എമര്‍ജന്‍സി കെയര്‍ ഹെല്‍പര്‍, സാംപിള്‍ കളക്ഷന്‍ ഹെല്‍പര്‍ എന്നീ വിഭാഗങ്ങളിലാണ് മുന്നണി പോരാളികള്‍ക്ക് പരിശീലനം നല്‍കുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. സ്‌കില്‍ ഇന്ത്യ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുക എന്നും പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം.

രണ്ടാംതരംഗത്തില്‍ കൊറോണ വൈറസിന് പലതവണ വ്യതിയാനമുണ്ടാകുന്നത് നാം കണ്ടു. ഏതൊക്കെ തരത്തിലുളള വെല്ലുവിളികളാണ് ഇതുയര്‍ത്തുന്നതെന്നും നാം മനസ്സിലാക്കി. വൈറസ് നമുക്കിടയില്‍ ഇപ്പോഴുമുണ്ട്, അതിന് ഇനിയും വ്യതിയാനങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഇനിയുമുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.

ഈ ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഒരു ലക്ഷം കൊവിഡ് 19 മുന്‍നിര പോരാളികളെ സജ്ജീകരിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ക്രാഷ് കോഴ്‌സിലൂടെ നിരവധി പേര്‍ മുന്‍നിര പ്രവര്‍ത്തന രംഗത്തെത്തുന്നതോടെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News