പ്ലസ് ടു: പാഠഭാഗം തീര്‍ക്കുന്നതില്‍ അലംഭാവം കാണിക്കുന്ന അധ്യാപകരുടെ പേരുകള്‍ ശേഖരിക്കുന്നു

60 ശതമാനത്തില്‍ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്. തസ്തിക, പഠിപ്പിക്കുന്ന വിഷയം എന്നിവയടക്കമുള്ള വിവരങ്ങളാണ് എടുക്കേണ്ടതെന്നാണ് പ്രിന്‍സിപ്പല്‍മാര്‍ക്ക് വാട്‌സ്ആപ്പില്‍ നിര്‍ദേശം നല്‍കിയത്.

Update: 2022-02-18 01:22 GMT
പ്ലസ് ടു: പാഠഭാഗം തീര്‍ക്കുന്നതില്‍ അലംഭാവം കാണിക്കുന്ന അധ്യാപകരുടെ പേരുകള്‍ ശേഖരിക്കുന്നു

പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: പ്ലസ്ടു ക്ലാസുകളിലെ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതില്‍ അലംഭാവം കാണിക്കുന്ന അധ്യാപകരുടെ പേരു വിവരങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ശേഖരിക്കുന്നു. അനൗദ്യോഗിക വിവരശേഖരണമാണ് തുടക്കത്തിലുള്ളത്. 60 ശതമാനത്തില്‍ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്. തസ്തിക, പഠിപ്പിക്കുന്ന വിഷയം എന്നിവയടക്കമുള്ള വിവരങ്ങളാണ് എടുക്കേണ്ടതെന്നാണ് പ്രിന്‍സിപ്പല്‍മാര്‍ക്ക് വാട്‌സ്ആപ്പില്‍ നിര്‍ദേശം നല്‍കിയത്.

പഠിപ്പിക്കാത്തവരുടെ പട്ടിക തരണമെന്ന്് സംസ്ഥാനത്തെ ഒരു റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഈ പാത പിന്തുടരുമെന്നാണ് കരുതുന്നത്. പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് പാഠഭാഗങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടിയായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.

സംസ്ഥാനത്തെ മിക്ക പ്ലസ്ടു ക്ലാസുകളിലും യഥാര്‍ഥത്തില്‍ 60 ശതമാനത്തോളം പാഠഭാഗങ്ങളാണ് പഠിപ്പിച്ചുതീര്‍ന്നിട്ടുള്ളത്. എന്നാല്‍, വിവരശേഖരണം നടത്തിയപ്പോള്‍ അധ്യാപകര്‍ നടപടി ഭയന്ന് 70 മുതല്‍ മേലോട്ടാണ് എഴുതിക്കൊടുത്തത്.

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറന്നതു മുതല്‍ കിട്ടിയ മണിക്കൂറുകളാണ് അധ്യാപകര്‍ നിരത്തുന്നത്. നവംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ 144 മണിക്കൂര്‍ ക്ലാസിനുള്ള സമയമാണുള്ളതെന്നാണ് അവരുടെ വാദം. ഈ ചുരുങ്ങിയ സമയം കൊണ്ട് 70 ശതമാനത്തിനു മേല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക അസാധ്യമാണ്.

എന്നാല്‍, ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നപ്പോള്‍ മുതല്‍ നടന്ന ഓണ്‍ലൈന്‍ ക്ലാസുകളും ചേര്‍ത്താണ് സര്‍ക്കാരിന്റെ കണക്ക്. പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിക്കാനായില്ലെങ്കില്‍ വിമര്‍ശം ഉണ്ടാവുമെന്ന കാഴ്ചപ്പാടിലാണ് വിവര ശേഖരണത്തില്‍ കൂടുതല്‍ ശ്രദ്ധ സര്‍ക്കാര്‍ പുലര്‍ത്തുന്നത്. 220 ദിവസം അഥവാ 1,000 മണിക്കൂറായിരുന്നു കൊവിഡിനുമുമ്പ് ഒരു വര്‍ഷത്തെ അധ്യയനസമയം.

Tags:    

Similar News