ബസ് കാത്തുനിന്ന പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം; പോലിസുകാരന് സസ്‌പെൻഷൻ

ഈ മാസം 13നാണ് സംഭവമുണ്ടാകുന്നത്. കുഴിമണ്ണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അൻഷിദിനെയാണ് അബ്ദുൾ അസീസും അബ്ദുൾ ഖാദറും ചേർന്ന് ക്രൂരമായി മർദിച്ചത്.

Update: 2022-10-22 04:28 GMT

മലപ്പുറം: കീഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പോലിസുകാരന് സസ്‌പെൻഷൻ. കാഴിക്കോട് മാവൂർ സ്‌റ്റേഷനിലെ ഡ്രൈവറായ അബ്ദൂൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എടവണ്ണ സ്റ്റേഷനിലെ ഡ്രൈവറായ അബ്ദുൾ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു.

ഈ മാസം 13നാണ് സംഭവമുണ്ടാകുന്നത്. കുഴിമണ്ണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അൻഷിദിനെയാണ് അബ്ദുൾ അസീസും അബ്ദുൾ ഖാദറും ചേർന്ന് ക്രൂരമായി മർദിച്ചത്. സ്‌കൂൾവിട്ട് വീട്ടിലേക്കു പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ മഫ്തിയിൽ എത്തിയ പോലിസുകാർ ചേർന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ വിദ്യാർഥിക്ക് സാരമായി പരുക്കേറ്റിരുന്നു.

സംഭവം ചർച്ചയായതോടെ സ്‌പെഷ്യൽ ബ്രാഞ്ചിനോട് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ സമർപ്പിച്ച റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഗുരുതരമായ വീഴ്ചയാണ് അബ്ദുൾ അസീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് റിപോർട്ടിലുള്ളത്.

രണ്ടു പോലിസുകാർക്കെതിരെയും കൊണ്ടോട്ടി പോലിസ് കേസെടുത്തിരുന്നു. എന്നാൽ കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത് എന്നുകാട്ടി വിദ്യാർഥിയുടെ വീട്ടുകാർ രംഗത്തെത്തിയിരുന്നു. തുടർന്ന് കൊണ്ടോട്ടി എഎസ്പിക്ക് അന്വേഷണ ചുമതല നൽകിയിരുന്നു. നേരത്തെ എടവണ്ണ സ്റ്റേഷനിലെ അബ്ദുൾ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് അസീസിന് എതിരെയും നടപടിയുണ്ടായത്.

Similar News