ഏഴുജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ 30 ശതമാനം വര്‍ധിപ്പിച്ചു

Update: 2023-05-24 10:17 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയത്തിനു പിന്നാലെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. മുന്‍ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ ഏഴു ജില്ലകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് 30 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചത്. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ ആണ് വര്‍ധനവ് വരുത്തിയത്. എന്നാല്‍, മലബാര്‍ മേഖലയില്‍ നിരവധി വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ ഉപരിപഠനത്തിന് വലയുമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. സീറ്റ് വര്‍ധനവിനു പകരം ബാച്ചുകള്‍ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നിരുന്നത്.

    കഴിഞ്ഞ അധ്യയന വര്‍ഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനുമാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. 2022-23 വര്‍ഷം നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരും. താല്‍ക്കാലികമായി അനുവദിച്ച രണ്ട് സയന്‍സ് ബാച്ചുകളും താല്‍ക്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളും കണ്ണൂര്‍ കെകെഎന്‍ പരിയാരം സ്മാരക സ്‌കൂളില്‍ താല്‍ക്കാലികമായി അനുവദിച്ച ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരാന്‍ തീരുമാനിച്ചത്. ഇതിനുപുറമെ, ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉണ്ടാവും. പുതിയ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചു മുതലാണ് ആരംഭിക്കുക.

Tags:    

Similar News