വിദ്യാഭ്യാസ മന്ത്രി പ്രചരിപ്പിച്ചത് നുണയെന്ന് വീണ്ടും തെളിഞ്ഞു; മലബാര്‍ ജില്ലകളില്‍ സ്ഥിരം ബാച്ചുകള്‍ ഉടന്‍ പ്രഖ്യാപിക്കണം-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2024-07-05 16:25 GMT

കോഴിക്കോട്: പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷമുള്ള കണക്കെന്ന രീതിയില്‍ നിയമസഭയില്‍ മന്ത്രി അവതരിപ്പിച്ച കണക്കും വാദങ്ങളും തെറ്റാണെന്ന് സപ്ലിമെന്ററി അപേക്ഷകരുടെയും ബാക്കിയുള്ള സീറ്റുകളുടെയും എണ്ണം പുറത്തുവന്നതോടെ വ്യക്തമായെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്‌റിന്‍. മലപ്പുറത്ത് മാത്രമാണ് സീറ്റു കുറവുള്ളതെന്ന വാദവും പൊളിഞ്ഞു. വയനാട് ഒഴികെ മറ്റു ജില്ലകളിലെല്ലാം ആയിരക്കണക്കിന് സീറ്റ് കുറവുണ്ടെന്ന് സപ്ലിമെന്ററി അപേക്ഷയില്‍ വ്യക്തമാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ലേക്കുള്ള അപേക്ഷകള്‍ക്ക് ശേഷം അവശേഷിക്കുന്ന മുഴുവന്‍ സീറ്റുകളിലും അഡ്മിഷന്‍ നടന്നാല്‍ തന്നെയും മലബാര്‍ ജില്ലകളില്‍ 17963 വിദ്യര്‍ഥികള്‍ക്ക് സീറ്റുകിട്ടില്ലെന്ന് ഉറപ്പായി.

    പാലക്കാട് 4427, മലപ്പുറം 9944, കോഴിക്കോട് 2304, കണ്ണൂര്‍ 627, കാസര്‍കോഡ് 836 എന്നിങ്ങനെ കുറവ് വരും. അതേസമയം, തെക്കന്‍ ജില്ലകളില്‍ 12772 സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ബാക്കി കിടക്കുന്നു. തിരുവനന്തപുരം 1909, കൊല്ലം 2215, പത്തനംതിട്ട 2609, ആലപ്പുഴ 2167, കോട്ടയം 1311, ഇടുക്കി 517, എറണാകുളം 1800, തൃശൂര്‍ 244 എന്നിങ്ങനെയാണ് അധികം വന്ന സീറ്റുകള്‍.

    ആദ്യ അലോട്ട്‌മെന്റുകള്‍ ലഭിച്ചിട്ടും അഡ്മിഷന്‍ എടുക്കാതെ മാറിനിന്നവരെയും അണ്‍ എയ്ഡഡ് മേഖലയില്‍ അഡ്മിഷന്‍ എടുത്തവരെയും സപ്‌ളിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുപ്പിച്ചിരുന്നില്ല.മലപ്പുറം ജില്ലയില്‍ മാത്രം 11546 വിദ്യാര്‍ഥികള്‍ക്കാണ് അത്തരത്തില്‍ അപേക്ഷിക്കാന്‍ സാധിക്കാതിരുന്നത്. ശാശ്വതമായ പരിഹാരമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മലബാര്‍ ജില്ലകളില്‍ 300 ലധികം സ്ഥിരംബാച്ചുകള്‍ വേണം. സപ്ലിമെന്ററിക്ക് ശേഷം പുറത്താവുന്ന വിദ്യാര്‍ഥികളുടെ മാത്രം കണക്കെടുക്കുകയാണെങ്കില്‍ തന്നെ മലപ്പുറത്തു മാത്രം 200 ബാച്ചുകള്‍ വേണം. 17963 വിദ്യാര്‍ഥികള്‍ എന്നത് കേവലം നമ്പറല്ല. 17963 ജീവിതങ്ങളും സ്വപ്നങ്ങളും കുടുംബങ്ങളുമാണ് എന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. ന്യായമായ പരിഹാരത്തിന് പകരമുള്ള സര്‍ക്കാര്‍ വക ചെപ്പടി വിദ്യകള്‍ കേരളത്തിലെ വിദ്യാര്‍ഥി സമൂഹവും മലബാറിന്റെ ജനതയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യായമായ അവകാശങ്ങള്‍ക്ക് പോരാടുന്ന മലബാര്‍ ജനതയുടെ കൂടെ ശക്തമായ സമരസാന്നിധ്യമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തെരുവില്‍ തന്നെ നിലയുറപ്പിക്കുമെന്നും കെ എം ഷെഫ്‌റിന്‍ പറഞ്ഞു.

Tags: