പ്ലസ് വണ്‍: മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2023-06-12 06:43 GMT

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലബാര്‍ മേഖലയോടുള്ള അവഗണനയ്‌ക്കെതിരേ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്ന രീതിയില്‍ അനാവശ്യമായ വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ആകെയുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വിഎച്ച്എസ്ഇ 33,030. അണ്‍ എയ്ഡഡ് 54,585. ആകെ സീറ്റുകള്‍ 4,58,205 ആണ്. ആകെ അപേക്ഷകര്‍ 4,59,330 ആണ്. മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി എടുക്കുന്നു. മലപ്പുറത്ത് 80,922 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സീറ്റുകള്‍ 55,590 ആണുള്ളത്. അണ്‍ എയ്ഡഡ് സീറ്റുകള്‍ 11,286 ആണ്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി 2,820. അണ്‍ എയ്ഡഡില്‍ ഒരാള്‍ പോലും ചേരുന്നില്ലെങ്കില്‍ ഇനി വേണ്ടത് 22,512 സീറ്റുകളാണ്. അണ്‍ എയ്ഡഡ് കൂടി പരിഗണിക്കുകയാണെങ്കില്‍ 11,226 സീറ്റുകള്‍ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

    മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്‌മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേയ്ക്ക് ഒന്നാം അലോട്ട്‌മെന്റില്‍ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യും. ഈ വര്‍ഷം എസ്എസ്എല്‍സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുംവിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കും. എയ്ഡഡ് മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കും. ഉടന്‍ റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയ്ഡഡ് മേഖലയില്‍ താല്‍ക്കാലിക ബാച്ച് ആകും അനുവദിക്കുക. അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാവും. സാധ്യമായത് എല്ലാം ചെയ്ത് വടക്കന്‍ ജില്ലകളിലെ സീറ്റ് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News