'ലൗ ജിഹാദ്' നിയമത്തിനെതിരേ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി

നവംബര്‍ 27 നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് 2020 പാസാക്കിയത്.

Update: 2020-12-13 09:08 GMT

അലഹബാദ്: 'ലൗ ജിഹാദി'നെതിരായ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി. സര്‍ക്കാരിന്റെ ഈ നീക്കം ധാര്‍മികമായും ഭരണഘടനാപരമായും അപലപനീയമാണെന്ന് ഹരജിയില്‍ പറയുന്നു.

നവംബര്‍ 27 നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് 2020 പാസാക്കിയത്. 10 വര്‍ഷം വരെ തടവും വിവിധ വിഭാഗങ്ങളില്‍ 50,000 രൂപ പിഴയുമാണ് ശിക്ഷ. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതിന് വളരെ മുമ്പുതന്നെ ഹിന്ദു സ്ത്രീകളുമായി വിവാഹിതരായ മുസ്‌ലിം പുരുഷന്മാര്‍ക്കെതിരേ പോലിസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ 'ലൗ ജിഹാദി'നെതിരായ നിയമം പാസാക്കിയിട്ടുണ്ട്. ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കാനും മതപരിവര്‍ത്തനം ചെയ്യാനും വേണ്ടി മുസ്‌ലിം പുരുഷന്മാര്‍ ഗൂഡാലോചന നടത്തുന്നുണ്ടെന്നും ഇത് പ്രതിരോധിക്കുവുനാണ് 'ലൗ ജിഹാദ്' നിയമം എന്നാണ് ബിജെപി പറയുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ധാര്‍മികമായും ഭരണഘടനാപരമായും അപലപനീയമാണെന്നും ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ഇത് റദ്ദാക്കണമെന്നും അലഹബാദിലെ അഭിഭാഷകനായ സൗരവ് കുമാര്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ പറഞ്ഞു.

ലൗ ജിഹാദിനെതിരേ തന്റെ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് ഒക്ടോബര്‍ 31 ന് നടത്തിയ പൊതു പ്രസംഗത്തില്‍ പറഞ്ഞതായും ഹരജി ചൂണ്ടിക്കാട്ടി. വിവാഹത്തിനുള്ള മതപരിവര്‍ത്തനം അസാധുവാണെന്ന് വിധിച്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ മുഖ്യമന്ത്രി അന്ന് പരാമര്‍ശിച്ചിരുന്നു