രാജ്യത്ത് പ്ളാസ്റ്റിക്‌ നിരോധനം ആദ്യഘട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ

2022 ജൂലായ് ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ രണ്ടുഘട്ടങ്ങളിൽ ഒന്ന് വ്യാഴാഴ്ച നടപ്പിലാകും.

Update: 2021-09-30 07:19 GMT

ന്യൂഡൽഹി: രാജ്യത്ത്‌ പ്ളാസ്റ്റിക്‌ നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കേന്ദ്രത്തിനു മുമ്പേ കേരളം പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി ഒന്നുമുതലായിരുന്നു നിരോധനം. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾ, 60 ഗ്രാം പെർ സ്ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ-വൂവൺ ബാഗുകൾ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ നിരോധനമേർപ്പെടുത്തുന്നത്. 

2022 ജൂലായ് ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ രണ്ടുഘട്ടങ്ങളിൽ ഒന്ന് വ്യാഴാഴ്ച നടപ്പിലാകും. ഡിസംബർ 31 മുതൽ രണ്ടാംഘട്ടമായി 120 മൈക്രോണിൽ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല.

രാജ്യത്ത് നിരോധനം നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കാനാണ് കേരളത്തിലും തീരുമാനം. തദ്ദേശവകുപ്പ് സെക്രട്ടറിമാർക്ക് സർക്കാർ നിർദേശം നൽകി. ബദൽ ഉത്പന്നങ്ങൾ യഥേഷ്ടം എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

ആദ്യതവണ നിയമലംഘനം നടത്തുന്നവർക്ക് പിഴ 10,000 രൂപ. ആവർത്തിച്ചാൽ 25,000. തുടർന്നുള്ള ലംഘനത്തിന് 50,000. തുടർച്ചയായി നിയമലംഘനം നടത്തിയാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും. വീണ്ടും പ്രവർത്തനാനുമതി ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിതകാലത്തേക്ക് നിരാകരിക്കും.

നിരോധിച്ച വസ്തുക്കൾ

പ്ലാസ്റ്റിക് കാരിബാഗ് (കനം ബാധകമല്ല)

സ്റ്റെറോഫോം, തെർമോകോൾ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാരവസ്തുക്കൾ

പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കടലാസ് കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ

ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ

നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ

മേശയിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്

പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ

500 മില്ലീ ലിറ്ററിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ

പിവിസി ഫ്ളെക്സ് മെറ്റീരിയൽസ്

പ്ലാസ്റ്റിക് പാക്കറ്റ്

പ്ലാസ്റ്റിക് ഗാർബേജ് ബാഗ്