വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ ആലോചന
തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ ആലോചന. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും.
വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അക്കാര്യത്തില്‍ ദേവസ്വങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുന്‍ഗണന എന്ന് ദേവസ്വം വൃത്തങ്ങള്‍ വ്യക്തമാക്കി.
തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്ന് വിദഗ്ധര്‍ എത്തി ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കും. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നടക്കം ഡോക്ടര്‍മാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തും.
