'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല; കെടി ജലീലിനെ പരിഹസിച്ച് പികെ ഫിറോസ്

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..’ എന്നായിരുന്നു ജലീലിന്റെ പരിഹാസം. ഇതിനെ അതെ രീതിയിലായിരുന്നു ഫിറോസ് പരിഹസിച്ചത്.

Update: 2022-06-07 17:08 GMT

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരേ സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെ പരിഹസിച്ച് തള്ളിയ കെടി ജലീലിനെ പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല' എന്നാണ് ഫേസ്ബുക്കിലൂടെ ഫിറോസ് കെ ടി ജലീലിനെ പരിഹസിച്ചത്.

'സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..' എന്നായിരുന്നു ജലീലിന്റെ പരിഹാസം. ഇതിനെ അതെ രീതിയിലായിരുന്നു ഫിറോസ് പരിഹസിച്ചത്.

'ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒരുമിച്ച് വന്നാലും കോണ്‍സുലേറ്റില്‍ നിന്ന് വീട്ടിലേക്ക് 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല' എന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബയ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.