മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ നടപടി; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
ഡെപ്യൂട്ടി സെക്രട്ടറിയായ ഉദ്യോഗസ്ഥ ചിത്രയെ സാമൂഹിക നീതി വകുപ്പിലേക്ക് മാറ്റി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പ് വിവാദത്തില്‍ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടി. ഡെപ്യൂട്ടി സെക്രട്ടറിയായ ഉദ്യോഗസ്ഥ ചിത്രയെ സാമൂഹിക നീതി വകുപ്പിലേക്ക് മാറ്റി. ഈ വകുപ്പില്‍ നിന്നുള്ള ഫയലാണ് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് എന്ന നിലയില്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പുറത്ത് വിട്ടത്. സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിമാരും അണ്ടര്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ ആറ് പേരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് ഉദ്യോഗസ്ഥയുടേയും പേരുള്ളത്.
വിവരാവകാശ നിയമപ്രകാരമാണ് ഒപ്പുമായി ബന്ധപ്പെട്ട ഫയല്‍ പുറത്ത് വന്നതെങ്കിലും ഇത് സംബന്ധിച്ച് വിവരം നല്‍കിയത് ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയിക്കുന്നത്. തുടര്‍ന്നാണ് സ്ഥലംമാറ്റം. സംഭവം വിവാദമായപ്പോള്‍ മുഖ്യമന്ത്രി അതിന് വിശദീകരണം നല്‍കിയിരുന്നുവെങ്കിലും ഫയല്‍ പുറത്തുപോയത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്ക് എതിരായ നടപടി.