ബിജെപി എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു പുറപ്പെട്ടത്: പിണറായി വിജയൻ
സർക്കാർ രൂപീകരിക്കുന്ന കാര്യത്തിലേക്ക് അടക്കം തങ്ങൾ നീങ്ങുകയാണ് എന്ന മട്ടിലുള്ള പ്രസ്താവനകൾ ബിജെപിയുടെ ഉന്നത നേതാക്കൾ തന്നെ നടത്തിയിരുന്നു
തിരുവനന്തപുരം: ഇടതുപക്ഷം നേടിയ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കണ്ട് പിണറായി വിജയൻ. കേരള രാഷ്ട്രീയ ചരിത്രം തിരുത്തുന്ന തരത്തിലുള്ള വിജയമാണ് എൽഡിഎഫ് നേടിയതെന്നും വലിയ ആഘോഷങ്ങൾ നാടാകെ നടക്കേണ്ട സമയമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, അതിനുള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നും ഓർമിപ്പിച്ചു.
കേരളജനതയാണ് എൽഡിഎഫ് നേടിയ ഈ വിജയത്തിന്റെഅവകാശികളെന്നും അഞ്ച് വർഷക്കാലത്തെ സർക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഈ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെടുത്തിയ ബിജെപിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു അവർ പുറപ്പെട്ടതെന്നും സർക്കാർ രൂപീകരിക്കുന്ന കാര്യത്തിലേക്ക് അടക്കം തങ്ങൾ നീങ്ങുകയാണ് എന്ന മട്ടിലുള്ള പ്രസ്താവനകൾ ബിജെപിയുടെ ഉന്നത നേതാക്കൾ തന്നെ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നിലയിലുള്ള ഭൂരിപക്ഷം പോലും അതിനായി ആവശ്യമില്ല എന്ന് പറയുന്ന നിലയിൽ വരെ അതെത്തി. അദ്ദേഹം കുറ്റപ്പെടുത്തി.