പ്രതിഷേധങ്ങള്‍ക്കിടെ പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍; കനത്ത സുരക്ഷ

ഇന്നലെ രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10.30ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും

Update: 2022-06-13 01:49 GMT

കണ്ണൂര്‍: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും.

ഇന്നലെ രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10.30ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടങ്ങിയ പ്രതിഷേധം കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാകും മുഖ്യമന്ത്രിക്കായി ഒരുക്കുക.

ഇന്നലെ രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയന്‍ വീട്ടില്‍ തങ്ങാതെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. പിണറായിയിലെ സ്വന്തം വീട്ടില്‍ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും പോലിസിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു തീരുമാനം. സുരക്ഷ ഒരുക്കാനുള്ള ബുദ്ധിമുട്ട് പോലിസ് അറിയിച്ചതിനെ തുടര്‍ന്നാണ് താമസം കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

ഇന്നലെ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്ള ജില്ലയില്‍ അതത് പോലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

Tags:    

Similar News