കര്‍ണാടകയില്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പിണറായിക്കും കെജ്രിവാളിനും ക്ഷണമില്ല

ദലിത് വിഭാഗത്തില്‍ നിന്ന് അഞ്ചുപേര്‍ക്കും സാധ്യതയെന്ന് സൂചന.

Update: 2023-05-18 15:33 GMT
കര്‍ണാടകയില്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പിണറായിക്കും കെജ്രിവാളിനും ക്ഷണമില്ല
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ക്ഷണിച്ചിട്ടില്ല. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. സ്റ്റാലിനു പുറമേ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജ്സ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്മാരാണെന്നും പാര്‍ട്ടി വിശദീകരണം നല്‍കി.

ശനിയാഴ്ച ബെംഗളൂരുവില്‍ വച്ചാണ് മുഖ്യമന്ത്രിയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുക. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളില്‍ നിന്ന് നാലു മന്ത്രിമാര്‍ വീതവും മുസ്ലിം സമുദായത്തില്‍ നിന്ന് മൂന്നു മന്ത്രിമാരും ഉണ്ടാകും. ദലിത് വിഭാഗത്തില്‍ നിന്ന് അഞ്ചുപേര്‍ക്കും സാധ്യതയെന്ന് സൂചന.





Tags:    

Similar News