ഫിലിപ്പ് മമ്പാട്: പഠനകാലത്ത് ലഹരി ഉപയോഗത്തിനു പുറത്താക്കി; ഇപ്പോള്‍ കാക്കിയണിഞ്ഞ ലഹരി വിരുദ്ധ മോട്ടിവേറ്റര്‍

Update: 2020-10-04 14:43 GMT

കൃഷ്ണന്‍ എരഞ്ഞിക്കല്‍

മലപ്പുറം: പഠനകാലത്ത് ലഹരി ഉപയോഗത്തിനു ഹോസ്റ്റലില്‍ നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥി, മദ്യപിച്ചതിനു ഭാര്യ ദിവസങ്ങളോളം പട്ടിണി കിടന്ന അനുഭവം... മലപ്പുറം ട്രാഫിക് യൂനിറ്റിലെ എ എസ്‌ഐയും മോട്ടിവേറ്ററുമായ ഫിലിപ്പ് മമ്പാടിന്റേത് ആരെയും ചിന്തിപ്പിക്കുന്ന ജീവിതാനുഭവങ്ങളാണ്. അരീക്കോട് ഗവ. ഐടിഐയില്‍ പഠിക്കുന്ന സമയത്ത് ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയഫിലിപ്പ് മമ്പാട് ഇപ്പോള്‍ കേരള പോലിസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ജനഹൃദയങ്ങളില്‍ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങുകയാണ്.

    പോലിസുകാര്‍ക്കിടയില്‍ ജനകീയനായ പോലിസുകാരന് ബാല്യകാലത്ത് കുടുംബത്തില്‍ നിന്ന് വേണ്ടത്ര പരിഗണനയോ സ്‌നേഹമോ ലഭിക്കാതെയാണ് വളര്‍ന്നത്. പട്ടിണിയും സഹനവും അനുഭവിച്ച കുട്ടിയില്‍ നിന്നു ഫിലിപ്പ് മമ്പാട് എന്ന പോലിസ് ഉദ്യോഗസ്ഥനിലേക്കുള്ള യാത്ര ഏറെ പ്രതിസന്ധികളിലൂടെയും യാദൃഛികതകളിലൂടെയുമായിരുന്നു. ഇന്ന് സിവില്‍ ഓഫിസറായി വേറിട്ട വഴികളിലൂടെ സമൂഹത്തിന് ഉദാത്ത മാതൃകയും സ്‌നേഹവും പഠിപ്പിച്ചുള്ള യാത്രയില്‍ ലഹരിക്കെതിരേ സന്ധിയില്ലാ പോരാട്ടമാണു നടത്തുന്നത്.

    കണ്ണൂര്‍ ഗവ. പോളി ടെക്‌നിക്കില്‍ പഠിക്കുന്നതിനിടെ സഹപാഠികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് രണ്ടു വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. അതിലൊരാള്‍ ഫിലിപ്പ് എന്ന വിദ്യാര്‍ഥിയായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് പോയി. ഇതിനിടെ, സഹോദരിയാണ് പി എസ് സി പരീക്ഷയ്ക്കു അപേക്ഷ നല്‍കിയത്. 240 ഒഴിവുകളിലേക്ക് രണ്ടു ലക്ഷത്തില്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്ന പരീക്ഷയ്ക്കു വേണ്ടി തലേന്ന് തന്നെ പരീക്ഷ നടക്കുന്ന സ്‌കൂളിലെത്തി. ബെഞ്ചുകള്‍ കൂട്ടിയിട്ട് അവിടെ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് സ്‌കൂള്‍ മുറ്റത്ത് നിന്ന് മുഖം കഴുകി പരീക്ഷാ ഹാളിലെത്തി പരീക്ഷയെഴുതി. മാസങ്ങള്‍ക്കു ശേഷം സഹോദരിയാണ് ആ സന്തോവാര്‍ത്ത ഫിലിപ്പിനെ അറിയിച്ചത്. അവന്റെ പേര് റാങ്ക് ലിസ്റ്റിലുണ്ടെന്ന്. നാലുമാസം കഴിഞ്ഞപ്പോള്‍ ശാരീരിക പരിശോധനയ്ക്കു വിളിച്ചു. ഇത് പൂര്‍ത്തിയാക്കി മഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ സേവനം തുടങ്ങി. പിന്നീട് കല്യാണവും കഴിഞ്ഞു. മദ്യപിക്കാറില്ലെന്ന് ഭാര്യയോട് കള്ളം പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയ ഭാര്യ പ്രതിഷേധസൂചകമായി മഞ്ചേരി പോലിസ് സ്‌റ്റേഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ പട്ടിണി കിടന്നു. ആറു ദിവസം വെള്ളം മാത്രം കുടിച്ചായിരുന്നു പ്രതിഷേധം. ലഹരിക്കെതിരേയുള്ള ഭാര്യയുടെ പോരാട്ടത്തിനു മുന്നിലാണ് സത്യത്തില്‍ ഫിലിപ്പ് കീഴടങ്ങിയത്. ഇതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.

    ലഹരിക്കെതിരേ ബോധവല്‍ക്കരണം നടത്തിക്കൂടേ എന്ന ചിന്തയ്ക്ക് അവിടെ നിന്നാണ് തുടക്കമിട്ടത്. സുഹൃത്ത് മഹേഷുമായി ചേര്‍ന്ന് കലാലായങ്ങളിലും കവലകളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി. ലഹരിക്കെതിരേ 'തിരിച്ചറിവ് 2017'എന്ന പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം അവര്‍ സഞ്ചരിച്ചു. 600ലേറെ പേരെ ലഹരിയുടെ പിടിയില്‍ നിന്ന് അന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞെന്ന് ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍മിക്കുന്നു. പാലക്കാട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ലഹരിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്ന ഫിലിപ്പിന് പൂര്‍ണ പിന്തുണയുമായി ഭാര്യ ടോളി ഫിലിപ്പും പിതാവ് പ്ലാമൂട്ടില്‍ ജെയിംസുമുണ്ട്.

   


    ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫിലിപ്പ് മമ്പാടിനെ തേടി നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പേരിലുള്ള ആദരവ് എം ടി വാസുദേവന്‍ നായരുടെ കൈകളില്‍ നിന്നാണ് ഫിലിപ്പ് ഏറ്റുവാങ്ങിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിന് പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ആര്‍എഎഎഫ് പുരസ്‌കാരം, നെഹ്‌റു യുവകേന്ദ്രയുടെ പുരസ്‌കാരം, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പുരസ്‌കാരം, ദേശാഭിമാനി അക്ഷരമുറ്റം പുരസ്‌കാരം, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അവാര്‍ഡ്, 2019ലെ മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടെ എം പി മന്മഥന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയവ ഫിലിപ്പിനെ തേടിയെത്തി. സംസ്ഥാന പോലിസ് നടപ്പാക്കിയ അവര്‍ റെസ്‌പോണ്‍സബിലിറ്റി ടു ചില്‍ഡ്രന്‍(ORC)യുടെ മലപ്പുറം ജില്ലാ മാസ്റ്റര്‍ ട്രെയിനറും സേഫ് കാംപസ്, ക്ലീന്‍ കാംപസ് ട്രെയിനറുമാണ്. നാഷനല്‍ ഡ്രഗ് കണ്‍ട്രോള്‍ സൊസൈറ്റിയി അംഗമായ ഇദ്ദേഹത്തിന് ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍ ഈസ്റ്റ് ട്രേഡിങ് കമ്പനിയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമായി 1500ലേറെ ലഹരിവിരുദ്ധ സെമിനാറുകള്‍ നടത്തിയ ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെയും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവ് പകര്‍ന്നുനല്‍കി ജീവിത യാത്ര ഫിലിപ്പ് തുടരുകയാണ് ഫിലിപ്പ് മമ്പാട് എന്ന പോലിസ് ഉദ്യോഗസ്ഥന്‍.

Philip Mambad: khaki wearing anti-drug motivator



Tags: