മതപരിവര്‍ത്തന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഇനി വിശ്രമിക്കട്ടെ; 98% ഇന്ത്യക്കാരും പിന്തുടരുന്നത് അവര്‍ ജനിച്ച മതം; സംഘപരിവാര നുണ പൊളിച്ചടുക്കി പ്യൂ പഠന റിപോര്‍ട്ട്

ഇന്ത്യയിലെ മതപരിവര്‍ത്തനം രാജ്യത്തെ മൊത്തത്തിലുള്ള ജനസംഖ്യാ ഘടനയില്‍ നിസ്സാരമായ സ്വാധീനമേ ചെലുത്തുന്നുള്ളൂവെന്നാണ് ലോകമാകെ മികച്ച സ്വാധീനമുള്ള പ്യു റിസേര്‍ച്ച് ഫോറത്തിന്റെ പഠനം വ്യക്തമാക്കുന്നത്.

Update: 2021-09-24 16:22 GMT

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം, 'ലൗ ജിഹാദ്' ആരോപണങ്ങളുടെ മറവില്‍ മുസ്‌ലിംപണ്ഡിതരെയും സാധാരക്കാരെയും തുറങ്കിലടയ്ക്കുന്നത് വ്യാപകമാവുന്നതിനിടെ സംഘപരിവാര, ഗോഡി മാധ്യമങ്ങളുടെ മതപരിവര്‍ത്തന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പൊളിച്ചടുക്കി വാഷിങ്ടണ്‍ ആസ്ഥാനമായുള്ള പ്യു റിസേര്‍ച്ച് ഫോറത്തിന്റെ പഠന റിപോര്‍ട്ട്.

ഇന്ത്യയിലെ മതപരിവര്‍ത്തനം രാജ്യത്തെ മൊത്തത്തിലുള്ള ജനസംഖ്യാ ഘടനയില്‍ നിസ്സാരമായ സ്വാധീനമേ ചെലുത്തുന്നുള്ളൂവെന്നാണ് ലോകമാകെ മികച്ച സ്വാധീനമുള്ള പ്യു റിസേര്‍ച്ച് ഫോറത്തിന്റെ പഠനം വ്യക്തമാക്കുന്നത്.

'ഒരു വ്യക്തി തന്റെ മതം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും മതവുമായുള്ള ബന്ധം അവസാനിപ്പിക്കുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന മതപരമായ മാറ്റം, അല്ലെങ്കില്‍ മതപരിവര്‍ത്തനം ഇന്ത്യയുടെ മൊത്തത്തിലുള്ള ജനസംഖ്യാ ഘടനയില്‍ താരതമ്യേന ചെറിയ സ്വാധീനം മാത്രമാണ് ചെലുത്തുന്നതെന്നും രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം പേരും അവര്‍ ജനിച്ച മതമേതാണോ അതില്‍തന്നെ തുടരുന്നതാണ് കാണാനാവുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 94 ശതമാനവും ഭൂരിപക്ഷമായ ഹിന്ദുക്കളും ന്യൂനപക്ഷമായ മുസ്‌ലിംകളും ചേര്‍ന്നുള്ളതാണ്. അവസാന കാനേഷുമാരി നടന്ന 2011ലെ കണക്കനുസരിച്ച് 80ശതമാനം ഇന്ത്യക്കാര്‍ ഹിന്ദുക്കളും മുസ്‌ലിംകള്‍ ജനസംഖ്യയുടെ 14 ശതമാനവും ആയിരുന്നു.

1947 മുതല്‍, ഉപഭൂഖണ്ഡം ഇന്ത്യ, പാകിസ്താന്‍ രണ്ട് രാജ്യങ്ങളായി വിഭജിച്ചപ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയാണ് നിലവിലെ ജനസംഖ്യ. നേരത്തേ 36.1 കോടി ആയിരുന്നത് ഇപ്പോള്‍ 120 കോടി പിന്നിട്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ 30.4 കോടിയില്‍നിന്ന് 96.4 കോടി ആയി ഉയര്‍ന്നപ്പോള്‍ മുസ്‌ലിംകള്‍ 3.5 കോടിയില്‍നിന്ന് 17.2 കോടി ആയി ഉയര്‍ന്നു. ക്രിസ്ത്യാനികള്‍ 80 ലക്ഷത്തില്‍നിന്ന് 2.8 കോടിയായി ഉയര്‍ന്നെന്നും പഠനം വെളിപ്പെടുത്തുന്നു.

പ്രത്യുല്‍പാദന നിരക്ക് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ജനസംഖ്യ വര്‍ദ്ധന നിരക്ക് ഇപ്പോഴും ഉയര്‍ന്നതാണ്. 2030 ഓടെ ജനസംഖ്യയില്‍ രാജ്യം ചൈനയെ മറികടക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനാ നിരക്ക് 2.6ഉം ഹിന്ദുക്കളുടേത് 2.1ഉം ആണ്്. 1992ല്‍ മുസ്‌ലിംകളില്‍ പ്രത്യുല്‍പാദന നിരക്ക് 4.4 ആയിരുന്നപ്പോള്‍ ഹിന്ദുക്കളില്‍ ഇത് 3.2 ആയിരുന്നു. ശ്രദ്ധേയമായ കാര്യം വെറും 25 വര്‍ഷത്തിനുള്ളില്‍ മുസ്ലീങ്ങളില്‍ പ്രത്യുല്‍പാദന നിരക്ക് ഏകദേശം 2 കുട്ടികളായി കുറഞ്ഞിട്ടുണ്ട്.

'ഇന്ത്യയിലെ മതവിഭാഗങ്ങള്‍ക്കിടയിലെ പ്രസവത്തിലെ വിടവുകള്‍ പൊതുവെ മുമ്പത്തേതിനേക്കാള്‍ വളരെ ചെറുതാണെന്നും പഠനം പറയുന്നു. 2020ല്‍ ഹിന്ദുക്കളുടെ ശരാശരി പ്രായം 29 ആണ്, മുസ്ലീങ്ങള്‍ക്ക് ഇത് 24 ആണ്, ക്രിസ്ത്യാനികളുടെ ശരാശരി പ്രായം 31 ആണെന്ന് പഠനം ചൂണ്ടിക്കാട്ടി.

Tags: