സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും കൂടി
ഇന്നുമാത്രം പെട്രോളിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്.
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപയും തിരുവനന്തപുരത്ത് 83 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
ഇന്നുമാത്രം പെട്രോളിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ പെട്രോള്‍ വില 82.09 രൂപയായപ്പോള്‍ ഡീസല്‍ വില 77.75 രൂപയാണ്. ഇന്നലെ കൊച്ചിയില്‍ പെട്രോള്‍ വില 81.98 രൂപയായിരുന്നു.തിരുവനന്തപുരത്താകട്ടെ ഇന്നു പെട്രോള്‍ വില 83.56 രൂപയും ഡീസല്‍ വില 79.13 രൂപയുമാണ്. കോഴിക്കോട് ജില്ലയില്‍ വില 82 രൂപയ്ക്കു മുകളിലാണ്. അതേ സമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 45 ഡോളറായി തുടരുന്നതിനിടെയാണു ഇന്ധനവില വര്‍ധനവ് തുടരുന്നത്.
നേരത്തേ, കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സമ്പൂര്‍ണ ലോക്ഡൗണിനുശേഷം ഇന്ധനവില കുത്തനെ കുതിച്ചിരുന്നെങ്കിലും പിന്നീട് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയും ഡീസല്‍ വിലമാത്രം ഉയരുകയുമായിരുന്നു. നിലവില്‍ പെട്രോള്‍ വില കൂടുകയും ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയുമാണ്.
ക്രൂഡ് ഓയിലിന്റെ വില, വിദേശനാണ്യ നിരക്ക്, പ്രാദേശിക നികുതി തുടങ്ങിയ ഘടകങ്ങള്‍ കാരണം നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ധന വിലയില്‍ മാറ്റങ്ങളുണ്ടാവുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 81.73 രൂപയും ഡീസലിന് 73.56 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 88.39 രൂപയും ഡീസലിന് 80.01 രൂപയുമാണ് വില നിലവാരം. കൊല്‍ക്കത്തയില്‍ പെട്രോളിന് 83.24 രൂപയും ഡീസലിന് 77.06 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 84.73 രൂപയും ഡീസലിന് 78.86 രൂപയുമായി വ്യാപാരം നടക്കുന്നു.
