പിടിതരാതെ ഇന്ധനവില; രാജസ്ഥാനിൽ 100 രൂപ കടന്ന് ഡീസൽ

ആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായത്. മെയ് നാലു മുതല്‍ ഇരുപത്തി മൂന്നാമത്തെ വില വര്‍ധനവാണിത്.

Update: 2021-06-13 17:02 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജസ്ഥാനില്‍ ഡീസല്‍ വില ലിറ്ററിന് നൂറ് കടന്നു. പെട്രോള്‍ വില 100 കടക്കുന്ന ഏഴാമത്തെ സംസ്ഥാനമായി കര്‍ണാടക മാറുകയും ചെയ്തു.

ആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായത്. മെയ് നാലു മുതല്‍ ഇരുപത്തി മൂന്നാമത്തെ വില വര്‍ധനവാണിത്. ഈ 23 വര്‍ധനവിലൂടെ പെട്രോള്‍ വില ലിറ്ററിന് 5.72 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയുമാണ് ഉയര്‍ന്നത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും നൂറിനു മേലെയാണു പെട്രോള്‍ വില. കര്‍ണാടകയിലെ ബിദാര്‍, ബെല്ലാരി, കൊപ്പല്‍, ദാവന്‍ഗരെ, ഷിമോഗ, ചിക്മംഗളുര്‍ ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. ബെംഗളുരുവില്‍ പെട്രോളിന് 99.39 രൂപയും ഡീസലിനു 92.27 രൂപയുമാണ് ലിറ്റര്‍ വില.

മുംബൈയില്‍ പെട്രോളിന് 102.30 രൂപയും ഡീസലിന് 94.39 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിനു ലിറ്ററിനു 96.12 രൂപയും ഡീസലിനു 86.98 രൂപയുമാണ് വില.

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിക്കു സമീപമുള്ള, രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് രാജ്യത്ത് ആദ്യമായി പെട്രോള്‍ വില നൂറിലെത്തിയത്. ഫെബ്രുവരി പകുതിയോടെയായിരുന്നു ഇത്. ഇവിടെ ഇന്ന് ഡീസല്‍ വിലയും 100 കടന്നു. നഗരത്തില്‍ പെട്രോള്‍ വില രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ലിറ്ററിന് 107.22 രൂപയാണ്. ഡീസല്‍ 100.05 രൂപയും. പ്രീമിയം പെട്രോള്‍ ലിറ്ററിന് 110.50 രൂപയും ഇതേ ഗ്രേഡിലുള്ള ഡീസലിന് 103.72 രൂപയുമാണ്.

ലേയില്‍ പെട്രോള്‍ ലിറ്ററിന് 101.73 രൂപയ്ക്കും ഡീസലിന് 93.66 രൂപയ്ക്കുമാണു വില്‍പ്പന. ഇതിനുപിന്നാലെ ശ്രീനഗറും പെട്രോള്‍ വില 100 രൂപയ്ക്കടുത്ത് (99.27 രൂപ) എത്തിയിരിക്കുകയാണ്. ഇതേ പാതയിലുള്ള ഹൈദരാബാദില്‍ 99.96 രൂപയാണ് പെട്രോള്‍ വില.