നീറ്റ്: തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരേ പെട്രോള്‍ ബോംബേറ്
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ചെന്നൈയിലെ ബിജെപി ഓഫീസിന് നേരേ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമി ഓഫീസിന് നേരേ ബോംബ് എറിഞ്ഞത്
ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ്. വിനോദ് എന്നയാളെയാണ് ചെന്നൈ പോലിസ് പിടികൂടിയത്. ഇയാള്‍ നേരത്തെയും സമാന കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും പ്രതിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും പോലിസ് പറഞ്ഞു.
തമിഴ്‌നാട് നിയമസഭ പാസാക്കിയ നീറ്റ് ബില്ലിന്മേല്‍ ബിജെപി സ്വീകരിക്കുന്ന നിലപാടില്‍ അസന്തുഷ്ടനാണെന്നും ഇതില്‍ രോഷംപൂണ്ടാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി. 2017-ല്‍ തെന്നിയാംപേട്ട് പോലിസ് സ്‌റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ വിനോദിനെതിരേ കേസുണ്ട്. സര്‍ക്കാരിന്റെ മദ്യവില്‍പ്പന ശാലയ്ക്ക് നേരേ ബോംബെറിഞ്ഞ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ചെന്നൈയിലെ ബിജെപി ഓഫീസിന് നേരേ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമി ഓഫീസിന് നേരേ ബോംബ് എറിഞ്ഞെന്നാണ് റിപോര്‍ട്ട്. സംസ്ഥാന കമ്മിറ്റി ഓഫീസിന് സാരമായ കേടുപാടുകൾ ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.
അതേസമയം, സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആവശ്യപ്പെട്ടു. എന്‍ഐഎ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കെ ആര്‍ ത്യാഗരാജനും പറഞ്ഞു. ഇത്തരം ആക്രമണങ്ങളില്‍ ഭയപ്പെടില്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരേയും നടപടി വേണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയില്‍(നീറ്റ്) നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കിയത്. നേരത്തെ ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചതോടെയാണ് പ്രത്യേക സമ്മേളനം നടത്തി ബില്‍ വീണ്ടും പാസാക്കിയത്. എന്നാല്‍ ബിജെപി അംഗങ്ങള്‍ ഇതിനെ എതിര്‍ത്ത് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
